പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ അക്രമം നടത്തിയെന്ന പരാതിയിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ 10 പേർക്കെതിരെ കേസ്. പഞ്ചായത്തിലെ എസ്ഡിപിഐ അംഗം കെ.കെ.അനസ്, ഹാഷിം കടപ്പുറത്ത്, ഉനയിസ് മുക്കലക്കകത്ത്, മാട്ടൂൽ സെന്ററിലെ നാസർ തുടങ്ങി കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിൽ എത്തിയ അനസ് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സെക്രട്ടറിയുടെ ഓഫിസിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.
ക്ഷുഭിതനായ പഞ്ചായത്ത് അംഗം പത്തോളം എസ്ഡിപിഐ പ്രവർത്തകരെയും കൂട്ടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും പഞ്ചായത്ത് ബോർഡുകളും ഫർണിച്ചറുകളും തകർക്കുകയും സെക്രട്ടറിയെയും ജീവനക്കാരെയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്നുചേർന്ന സ്റ്റാഫ് മീറ്റിംഗിലെ തിരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരാതി നൽകുകയായിരുന്നു.