തിരുവനന്തപുരം: കല്ലമ്പലത്ത് വന്‍ മയക്കുമരുന്നുവേട്ട. ഒരു കിലോയിലധികം തൂക്കമുള്ള എംഡിഎംഎയുമായി നാലു പേര് പിടിയില്‍. വിദേശത്തുനിന്നെത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. അന്താരാഷ്്ട്രവിപണിയില് അഞ്ച് കോടിയില്‍പ്പരം രൂപ വില വരുന്ന മയക്കുമരുന്നാണു പിടികൂടിയത്.
ഇന്നലെ അര്‍ധരാത്രിയോടെ കല്ലമ്പലത്തായിരുന്നു സംഭവം. കല്ലമ്പലം മാവിന്മൂട് ദീപ വിലാസത്തില്‍ സഞ്ജു എന്നു വിളിക്കുന്ന ഷൈജു (41), ഇയാളുടെ സഹായികളും ഞെക്കാട് സ്വദേശികളുമായ നന്ദു, ഉണ്ണിക്കുട്ടന്, പ്രമീദ് എന്നിവരുമാണു പിടിയിലായത്. 1.250 കിലോയോളം തൂക്കം വരുന്ന എംഡിഎംഎയാണ് ഇവരില്‍നിന്നു പിടികൂടിയത്.
ഇന്നലെ രാത്രിയില്‍ മസ്ക്കറ്റില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ മയക്കുമരുന്നാണു പിടികൂടിയത്. ഷൈജുവും നന്ദുവുമാണു വിദേശത്ത് നിന്ന് എത്തിയത്. ഇവരുടെ ലഗേജിലെ ഈന്തപ്പഴ പാക്കറ്റിലാണ് മയക്കുമരുന്ന് പുറത്തെത്തിച്ചതെന്നു പോലീസ് വ്യക്തമാക്കി.
വിമാനത്താവളത്തില്‍ എത്തിയ ശേഷം രണ്ട് വാഹനങ്ങളിലായി ഇവര്‍ സഞ്ജുവിന്റെ കല്ലമ്പലത്തെ വീട്ടിലേക്കു പോകുകയായിരുന്നു. ലഗേജുകള്‍ പിക്കപ്പ് വാഹനത്തിലും സഞ്ജുവും നന്ദുവും മറ്റൊരു കാറിലുമായിരുന്നു. ഇവര്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശനന്റെ നിര്‍ദേശാനുസരണം ഡാന്‍സാഫ് സംഘം ഇവരെ പിന്തുടര്ന്നിരുന്നു.
കല്ലമ്പലത്തിനുസമീപം പോലീസ് ഇവരുടെ വാഹനത്തിനു കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്നു പോലീസ് ഇവരുടെ വാഹനത്തെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.സഞ്ജുവിന്റെ പേരില്‍ അയിരൂര്‍, പള്ളിക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്നുകേസുകള്‍ നിലവിലുണ്ട്.
ഇതേത്തുടര്‍ന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങളും മയക്കുമരുന്ന് ഇടപാടുകളും സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്നു.ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. നായ വളര്‍ത്തലിന്റെ മറവിലാണു മയക്കുമരുന്നുവില്‍പ്പന നടത്തി വന്നിരുന്നത്.
സഞ്ജു അന്താരാഷ്്ട്ര മയക്കുമരുന്നുസംഘത്തിലെ കണ്ണിയാണെന്നാണു പോലീസ് വ്യക്തമാക്കുന്നത്. സഞ്ജുവാണു മുഖ്യപ്രതി. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ നേരത്തെയും വിദേശത്തുനിന്നും മയക്കുമരുന്ന് നാട്ടിലെത്തിച്ചിരുന്നുവെന്നു സംശയമുണ്ടെന്നു പോലീസ് പറഞ്ഞു.