കോട്ടയം: മില്‍മ പാലിനു വില വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്ഷീരകര്‍ഷകര്‍. എന്നാല്‍ ഇന്നലെ മില്‍മ ഫെഡറേഷന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വില വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതോടെ പ്രതീക്ഷകള്‍ വെള്ളത്തിലായി.
പാലിനും പാല് ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിലാണ് വില കൂട്ടേണ്ടതില്ലെന്നും വില വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നും തീരുമാനിച്ചത്. എന്നാല്‍ 2026 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാല് വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പാല് വില ലീറ്ററിന് അഞ്ചു രൂപ വരെ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ വില കൂട്ടിയത്. അന്ന് ലീറ്ററിന് ആറു രൂപ കൂട്ടിയിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു സര്‍ക്കാരിന്റെ ചട്ടുകമായി മില്‍മ ചെയര്മാന് പ്രവര്‍ത്തിക്കുകയാണെന്ന് ക്ഷീരകര്‍ഷകര്‍ ആരോപിക്കുന്നു. പാല് വില അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ ചര്‍ച്ചയെ വഴിതിരിച്ചു വിട്ട ചെയര്‍മാന്റെ നടപടിയിലും കര്‍ഷകര്‍ കടുത്ത അമര്‍ഷമുണ്ട്.
നിലവില്‍ ക്ഷീര സംഘങ്ങളില്‍ വില്‍ക്കുന്ന പാലിനു മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളിലും പാല് വില ഉയര്‍ത്തിയിട്ടുണ്ട്. ക്ഷീര മേഖലയില്‍ നിന്ന് 50 ശതമാനം കര്‍ഷകര്‍ വിട്ടുപോയെന്നു സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ സാഹചര്യത്തിലും അവരെ തിരികെ കൊണ്ടുവരുന്നതിനുള്ള യാതൊരു നടപടിയും മില്‍മയോ സര്‍ക്കാരോ സ്വീകരിക്കാത്തതിനു പിന്നില്‍ സര്‍ക്കാരിലെ ഉന്നതരുടെ പിന്തുണയുള്ള മറ്റൊരു കമ്പനിയെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.
നിലവില്‍ കര്‍ഷകര്‍ക്ക് ഒരുലിറ്റര്‍ പാലിന് ലഭിക്കുന്നത് 45 രൂപ മുതല്‍ 49 രൂപ വരെയാണ്. പുറംവിപണിയില്‍ ലിറ്ററിന് 60-65 രൂപയ്ക്കാണ് വില്പന. ലീറ്ററിന് 10 രൂപയുടെയെങ്കിലും വര്‍ധന ഉണ്ടെങ്കിലേ പിടിച്ചുനില്ക്കാന് കഴിയൂ.കാലിത്തീറ്റ വിലവര്ധനമൂലവും വെറ്റിനറി മരുന്നുകളുടെ വര്‍ധനവും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണുണ്ടാകുന്നത്.
50 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് കാലിത്തീറ്റയുടെ വില 1400 രൂപയ്ക്ക് മുകളിലാണ്. പുല്ലിനേക്കാളും കാലിത്തീറ്റയാണ് കന്നുകാലികള്‍ക്ക് കര്‍ഷകര്‍ നല്‍കുന്നത്. പാടശേഖരങ്ങളില്‍ കൊയ്ത്തുമെതി യന്ത്രമുപയോഗിച്ച് വിളവെടുക്കുന്നതിനാല്‍ സീസണിലേക്ക് ആവശ്യമായ വൈക്കോല്‍ സംഭരിച്ചുവയ്ക്കാനും കഴിയുന്നില്ല.
കാലവര്‍ഷത്തില്‍ നിരന്തരമായ വെള്ളപ്പൊക്കം കാരണം പുല്ലിന്റെ ലഭ്യത ഇല്ലാതാകുന്നതും വലിയ വെല്ലുവിളിയാണ്. അടുത്ത കാലത്ത് അകിടുവീക്കം, തൈലേറിയ തുടങ്ങിയ രോഗങ്ങളും കൂടിവരുന്നു. കര്‍ഷകര്‍ ക്ഷീരമേഖലയെ കൈവിട്ടതോടെ സംസ്ഥാനത്ത് പാല് ഉല്പാദനത്തില് വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. മൊത്തം ആവശ്യത്തിന്റെ പാകുതിപോലും ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. പല സൊസൈറ്റികളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.
- ജെവിന്‍ കോട്ടൂര്‍