കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നടന് ദിലീപ് പ്രതിയായ കേസില്‍ 2018ല്‍ ആരംഭിച്ച അന്തിമവാദം പൂര്‍ത്തിയായശേഷം വ്യക്തത തേടിയുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കേസിലെ ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസംതന്നെ വിധി പറഞ്ഞേക്കും.
കൊച്ചിയില്‍ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ പല തവണ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും പാലിക്കാന്‍ വിചാരണക്കോടതിക്ക് കഴിഞ്ഞിട്ടില്ല.
കോവിഡ് കാലയളവില്‍ കേസിന്റെ വിചാരണ തടസപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴിമാറ്റവും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണവും വിചാരണ വീണ്ടും ദീര്‍ഘിപ്പിച്ചു. ഇതിനിടെ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചതും വിനയായി.
കേസില്‍ ആദ്യം നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍നിന്ന് പിന്മാറിയിരുന്നു.
തുടര്‍ന്ന് നിയോഗിച്ച പ്രോസിക്യൂട്ടറും പിന്നീട് രാജിവച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ പരിശോധിക്കപ്പെട്ടതും വിവാദമായിരുന്നു. ഏറെ നീണ്ട വിചാരണ നടപടികളാണ് ഇപ്പോള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കേ ഒന്നാം പ്രതി പള്‍സര്‍ സുനി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിനെതിരേയായിരുന്നു ഈ വെളിപ്പെടുത്തല്‍. കേസിന്റെ ഭാഗമായി 261 സാക്ഷികളെയാണ് വിസ്തരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ നൂറിലേറെ ദിവസമെടുത്തു. 1700ലേറെ രേഖകളും കോടതിക്ക് കൈമാറിയിരുന്നു.