കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 19,152 പേർ. സംസ്ഥാന എക്സൈസ് വകുപ്പിന്റെ 2021 ജനുവരി മുതൽ 2025 ഓഗസ്റ്റ് 31 വരെയുളള കണക്കുകളാണിത്. അഞ്ചു വർഷത്തിനിടെ എക്സൈസ് 33,306 എൻഡിപിഎസ് കേസുകളാണു രജിസ്റ്റർ ചെയ്തത്. അതിലാണ് ഇത്രയും പേർ ശിക്ഷിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ ലഹരിക്കേസുകളിൽ 4,580 പേരാണു ശിക്ഷിക്കപ്പെട്ടത്. 2024 ൽ 4,474 പേരും 2023ൽ 4,998 പേരും 2022 ൽ 3,638 പേരും 2021 ൽ 1,462 പേരും എൻഡിപിഎസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടുവെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.
എട്ടു മാസത്തിനുള്ളിൽ ലഹരിക്കേസുകളിൽ കൂടുതൽ പേർ ശിക്ഷിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 635 പേർ. എണ്ണത്തിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ എട്ടു മാസത്തിനുള്ളിൽ 566 പേർ ശിക്ഷിക്കപ്പെട്ടു. മൂന്നാം സ്ഥാനത്തുള്ള കോട്ടയം ജില്ലയിൽ 507 പേരാണു ശിക്ഷിക്കപ്പെട്ടത്.
2024ൽ ഇടുക്കിയിൽനിന്ന് 656 പേരും കോട്ടയത്തുനിന്ന് 580 പേരും തൃശൂരിൽ നിന്ന് 451 പേരും ലഹരിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു. 2023 ൽ കോട്ടയം ജില്ലയിൽ നിന്ന് എൻഡിപിഎസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 648 പേരാണ്. രണ്ടും മൂന്നുംസ്ഥാനത്ത് നിൽക്കുന്ന തൃശൂരിൽനിന്ന് 602 പേരും കണ്ണൂരിൽ നിന്ന് 486 പേരും ശിക്ഷിക്കപ്പെട്ടു.
2022ൽ തൃശൂരിൽനിന്ന് 528 പേരും കണ്ണൂരിൽനിന്ന് 421 പേരും എറണാകുളത്തുനിന്ന് 396 പേരും ലഹരിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 2021ൽ ലഹരിക്കേസുകളിൽ കൂടുതൽ പേർ ശിക്ഷിക്കപ്പെട്ടത് കൊല്ലം ജില്ലയിലാണ് 208 പേർ. ഇക്കാലയളവിൽ തൃശൂരിൽ നിന്ന് 187 പേരും കണ്ണൂരിൽ നിന്ന് 157 പേരും എൻഡിപിഎസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടു.
- സീമ മോഹൻലാൽ