സൂറിച്ച് (സ്വിറ്റ്സര്‍ലന്‍ഡ്): 2025 സീസണിലെ അവസാന ഡയമണ്ട് ലീഗ് പോരാട്ടത്തിന് ഇന്നു സൂറിച്ചില്‍ തുടക്കം. ഇന്നും നാളെയുമായാണ് സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനല്‍ നടക്കുക. 2022ല്‍ ഡയമണ്ട് ലീഗ് ഫൈനല്‍ ട്രോഫി സ്വന്തമാക്കിയ ഇന്ത്യയുടെ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, 2023, 2024 സീസണുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. രണ്ടു തവണ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ നീരജ്, സൂറിച്ചില്‍ സ്വര്‍ണം സ്വന്തമാക്കി ഡയമണ്ട് ലീഗ് ഫൈനല്‍ ട്രോഫി കൈക്കലാക്കാനുള്ള തയാറെടുപ്പിലാണ്.
ജാവലിന്‍ നാളെ രാത്രി
ഇന്ത്യന്‍ സമയം നാളെ രാത്രി 11.15 മുതലാണ് പുരുഷ ജാവലിന്‍ത്രോ പോരാട്ടം. 2025 സീസണില്‍ രണ്ട് ഡയമണ്ട് ലീഗ് (ദോഹ, ബ്രസല്‍സ്) സ്വര്‍ണം നേടിയ ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് നീരജിന്റെ പ്രധാന വെല്ലുവിളി. അതേസമയം, പാരീസ് ഡയമണ്ട് ലീഗില്‍ നീരജിനായിരുന്നു സ്വര്‍ണം. കരിയറിലെ ഏറ്റവും മികച്ച ദൂരം നീരജ് കണ്ടെത്തിയതും ഈ ഡയമണ്ട് ലീഗ് സീസണിലാണ്; ദോഹയില്‍ 90.23 മീറ്റര്‍. ദോഹയില്‍ 91.06 മീറ്ററുമായി ജൂലിയന്‍ വെബറായിരുന്നു സ്വര്‍ണം നേടിയത്.
2025 സീസണിലെ മികച്ച ത്രോയും വെബറിന്റെ 91.06 ആണ്. സീസണില്‍ 90 മീറ്റര്‍ ക്ലിയര്‍ ചെയ്തത് നീരജും വെബറും മാത്രമാണെന്നതും ശ്രദ്ധേയം. നിലവില്‍ ലോക ഒന്നാം നമ്പറാണ് നീരജ് ചോപ്ര. ജൂലിയന്‍ വെബര്‍ മൂന്നാമതും. രണ്ടാം റാങ്കുകാരനായ ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ്, നാലാം റാങ്കിലുള്ള കെനിയയുടെ ജൂലിയസ് യെഗോ, ഏഴാം റാങ്കുകാരന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോണ്‍ വാല്‍ക്കോട്ട് തുടങ്ങിയവരും നീരജിനു വെല്ലുവിളിയുമായി സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനലിനുണ്ട്.