പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് പത്തനംതിട്ട ഗരത്തിലെ സെന്ററില്‍ എത്തിയ വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ തിരിമറി നടത്തിയതിനു നെയ്യാറ്റിന്‍കര അക്ഷയ സെന്ററിലെ ജീവനക്കാരി കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ സത്യദാസ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ള അക്ഷയ സെന്ററിലെ ജീവനക്കാരി ഗ്രീഷ്മയാണു കസ്റ്റഡിയിലായത്. കഴിഞ്ഞമൂന്നുമാസമായി ഇവര്‍ ഇവിടെ ജോലി ചെയ്യുകയാണ്.
പരീക്ഷാ കോ ഓര്‍ഡിനേറ്ററുടെ പരാതി പ്രകാരം പരീക്ഷാര്‍ഥിയെ പോലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ ഇന്നു രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പത്തനംതിട്ടയില്‍ പരീക്ഷ എഴുതാനെത്തിയ തിരുവനന്തപുരം പാറശാല സ്വദേശി ജിത്തുവിന്റെ കൈവശമുണ്ടായിരുന്ന അഡ്മിറ്റ് കാര്‍ഡിലാണ് കൃത്രിമം കണ്ടെത്തിയത്. പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്എസ്എസ് എന്നാണ് ജിത്തുവിന്റെ അഡ്മിറ്റ് കാര്‍ഡില്‍ സെന്റര്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു പരീക്ഷാകേന്ദ്രം പത്തനംതിട്ടയിലുണ്ടായിരുന്നില്ല.
പത്തനംതിട്ട തൈക്കാവ് ഗവ. വിഎച്ച്എസ്എസ് ആന്‍ഡ് എച്ച്എസ്എസ് മാത്രമാണ് പത്തനംതിട്ട നഗരത്തില്‍ നീറ്റ് പരീക്ഷാ കേന്ദ്രമായുണ്ടായിരുന്നത്. സെന്റര്‍ രേഖപ്പെടുത്തിയതു തെറ്റിപ്പോയതാകാമെന്ന പേരില്‍ ജിത്തു ഗവ.എച്ച്എസ്എസില്‍ പരീക്ഷയ്ക്കെത്തി. അഡ്മിറ്റ് കാര്‍ഡില്‍ തിരിമറി സംശയിച്ച് പരീക്ഷാ കേന്ദ്രം നടത്തിപ്പുകാര്‍ നീറ്റ് പരീക്ഷ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
അഡ്മിറ്റ് കാര്‍ഡിന്റെ മുകള്‍ ഭാഗത്ത് ജിത്തുവിന്റെ പേര്, മാതാവിന്റെ പേര്, ജനനത്തീയതി തുടങ്ങിയവയാണുള്ളത്. താഴെയുള്ള സെല്‍ഫ് ഡിക്ളറേഷന് ഭാഗത്ത് തിരുവനന്തപുരം മുള്ളുവിള സ്വദേശിയായ വിദ്യാര്‍ഥിയുടെ പേരും വിലാസവുമാണുള്ളത്. ക്ലറിക്കല്‍ പിഴവാണെന്നു കരുതി ജിത്തുവിനെ പരീക്ഷ എഴുതാന്‍ ബന്ധപ്പെട്ടവര്‍ അനുവദിച്ചെങ്കിലും ഇതോടൊപ്പം അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച അന്വേഷണവും നടന്നു.
പരീക്ഷ നടക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ നിര്‍ദേശിച്ചതുപ്രകാരം ജിത്തുവിനെ പരീക്ഷ എഴുതുന്നതു വിലക്കി. തുടര്‍ന്ന് പോലീസിന് കൈമാറി. അഡ്മിറ്റ് കാര്‍ഡ് വ്യാജമാണോയെന്ന കാര്യം വിശദമായി അന്വേഷിക്കുകയാണു പോലീസ്.