ശ്രീനഗർ: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിൽ വെടിവയ്പ് നടത്തി. കുപ് വാര, ബാരാമുള്ള ജില്ലകളിലും അഖ്നൂർ സെക്ടറിലുമാണ് വെടിവയ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം കൃത്യമായും ഫലപ്രദമായും പ്രതികരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പാക് പ്രകോപനത്തിനിടെ അതിർത്തിയിൽ ഇന്ത്യ സേനയുടെ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. അതേസമയം, പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഊര്‍ജിതമാക്കി. ഭീകരര്‍ ജമ്മുവിലെ അതിര്‍ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭീകരരെ പിന്തുടരുന്ന സുരക്ഷാസേന നാലു തവണ അവരുടെ അടുത്തുവരെ എത്തിയിരുന്നു. ഒരുതവണ പരസ്പരം വെടിവയ്പും നടന്നു. രണ്ടു സഞ്ചാരികളുടെ മൊബൈല്‍ ഫോൺ ഭീകരർ കവര്‍ന്നെന്ന മൊഴിയെ തുടർന്ന് ഈ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭീകരാക്രമണത്തിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന പരിശോധനയ്ക്കിടെ പഹൽഗാമിലെ സിപ് ലൈൻ ഓപ്പറേറ്ററെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരവാദിയെന്ന് എൻഐഎ കണ്ടെത്തിയെന്നു റിപ്പോർട്ടുണ്ട്. പാക്കിസ്ഥാൻ തീവ്രവാദി ഹാഷിം മൂസയുടെ പങ്കാണ് അന്വേഷണസംഘം കണ്ടെത്തിയത്. കൂട്ടക്കൊലയുടെ ഗൂഢാലോചനയിൽ ഹാഷിം മൂസയ്ക്കും പങ്കുണ്ടെന്നാണു കണ്ടെത്തൽ. പാക്കിസ്ഥാൻൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ അംഗവും പാക് ആർമിയുടെ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോയുമാണു ഹാഷിം മൂസ.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് കൂടുതല്‍ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഹാഷിം മൂസ, അലി ഭായ് എന്നിവര്‍ മുമ്പും കാഷ്മീരില്‍ ഭീകരാക്രമണം നടത്തിയെന്നാണു സംശയം. സോനാമാര്ഗിലെ ടണല്‍ ആക്രമണത്തിന് പിന്നിലും ഹാഷിം മൂസയാണെന്നും സുരക്ഷസേന കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഈ ആക്രമണത്തില്‍ ഏഴ് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയുടെ സൈനിക നടപടി ആസന്നം: പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സൈനിക ആക്രമണം ആസന്നമാണെന്നു പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഈ സാഹചര്യത്തിൽ ചില തന്ത്രപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ഞങ്ങളുടെ സേനയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് ആസിഫ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കിൽ മാത്രമേ ആണവായുധ ശേഖരം ഉപയോഗിക്കൂ. ഇന്ത്യൻ ആക്രമണത്തിനുള്ള സാധ്യതയെക്കുറിച്ച് പാക്കിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രതിരോധ മന്ത്രി, ഈ വിലയിരുത്തലിലേക്ക് നയിച്ച രഹസ്യാന്വേഷണ വിവരങ്ങളോ സംഭവവികാസങ്ങളോ എന്താണെന്നു വ്യക്തമാക്കിയില്ല.