കൊച്ചി: വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ കെഎസ്ആർടിസി നൽകണമെന്നു ഹൈക്കോടതി. കെഎസ്ആർടിസിക്കായി ചോരയും വിയർപ്പും ഒഴുക്കിയവരുടെ അവകാശമാണ് പെൻഷൻ. സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷൻ നൽകാതിരിക്കാനാവില്ല. പെൻഷൻ നിരാകരിക്കാനും അനന്തമായി നീട്ടാനും പാടില്ല. വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനായി ട്രഷറി ഉത്തരവു വേണമെന്നു 2002ൽ നിർദേശിച്ചിരുന്നു.
ദിവസ വരുമാനത്തിന്റെ 10 ശതമാനം ട്രഷറിയിൽ നിക്ഷേപിക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ നിർദേശമുണ്ടായിരുന്നതായും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. പെൻഷൻ മുടങ്ങിയതിനെത്തുടർന്നു വിരമിച്ച ജീവനക്കാർ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.
സർക്കാരും കെഎസ്ആർടിസിയും കോടതിയിൽ സത്യവാംഗ്മൂലം നൽകിയിരുന്നു. കെഎസ്ആർടിസി സാന്പത്തിക പ്രതസന്ധിയിലാണെന്നും പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നുമാണു കെഎസ്ആർടിസി സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്. എന്നാൽ, ഹർജി പരിഗണിക്കവെ സർക്കാരിനെ വിമർശിക്കാതെ കെഎസ്ആർടിസിയോടു പെൻഷൻ നൽകണമെന്ന നിർദേശമാണു ഹൈക്കോടതി നൽകിയിരിക്കുന്നത്.