നടുവിൽ: കുളത്തിൽ മരിച്ച നിലയിൽ കണ്ട യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. നടുവിൽ പടിഞ്ഞാറെ കവലയിലെ വി.വി. പ്രജുലിന്റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പോത്തുകുണ്ട് റോഡിലെ മിഥിലാജിനെ (26) കുടിയാന്മല സിഐ എം.എൻ. ബിജോയ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസിൽ മാസങ്ങൾക്കു മുമ്പ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
കൂട്ടുപ്രതിയായ നടുവിൽ കിഴക്കേ കവലയിലെ ഷാക്കിർ ഒളിവിലാണ്. രാത്രിയിൽ കുളത്തിനടുത്തുവച്ച് മരിച്ച പ്രജുലും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്നുണ്ടായ മർദനത്തിൽ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്കു തള്ളിയിടുകയുമായിരുന്നു.
കഴിഞ്ഞ മാസം 25 നാണ് നടുവിൽ എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നടുവില്‍ കോട്ടമലയിലേക്കുള്ള റോഡരികില്‍ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
പ്രജുലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുളത്തിൽ മൃതദേഹം കണ്ടത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനമേറ്റതായ പാടുകള്‍ കണ്ടെത്തിയിരുന്നു. വി.വി. നാരായണന്-സരോജിനി ദമ്പതികളുടെ മകനാണ് പ്രജുൽ.
മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.നടുവിൽ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ സജീവമാണ്. പ്രദേശവാസികൾ പലതവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.