കണ്ണൂര്‍: എട്ടുവയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചെറുപുഴ മലാങ്കടവ് സ്വദേശി മാമച്ചന് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തങ്ങളുമായി അകന്നുകഴിയുന്ന അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
മാമച്ചന്റെ 12 വയസുകാരനായ മകന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ചോദിച്ചറിയാന്‍ കുട്ടികളെയും പിതാവിനെയും ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ചെറുപുഴ പോലീസ് അറിയിച്ചു.