തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവമേല്പ്പിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
വിവാഹ വാഗ്ദാനം നല്കി ഭാവി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് തന്നെ രാഹുലിന്റെ സുഹൃത്തിന്റെ വീട്ടില്‍ വിളിച്ചുവരുത്തിയത്.
അവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എഫ്ആറില്‍ പറയുന്നത്. രാഹുലിന്റെ നിര്ദേശാനുുസരണം സുഹൃത്ത് ഫെനി നൈനാനാണ് തന്നെ ആ വീട്ടില്‍ എത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിക്കാരിയെ പോലീസ് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഉടന്‍ തന്നെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഈ കേസില്‍ രാഹുലിനെ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഫെനി നൈനാനെ പ്രതി ചേര്‍ത്തിട്ടില്ല. ഇദ്ദേഹം അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയാണ്. പെണ്‍കുട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുലിനെതിരെ ഇക്കാര്യങ്ങള്‍ വിവരിച്ച് കൊണ്ട് പരാതി നല്‍കിയിരുന്നു. ഈ പരാതി സണ്ണി ജോസഫ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു.
ഈ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ ബലാത്സംഗ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി. സജീവാണ് കേസ് അന്വേഷിക്കുന്നത്.രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ അതിജീവിത നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് രാഹുല്‍ ഒളിവിലാണ്.
വിവാഹ വാഗ്ദാനം നല്കി ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെയുള്ള ആദ്യ കേസ്. മുന്‍കൂര്‍ ജാമ്യത്തിന് രാഹുല്‍ നല്കിയ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

