കര്‍ണാടകയിലെ കൊടവ സമുദായത്തിൽ നിന്നു വെള്ളിത്തിരയിലെത്തിയ ആദ്യത്തെ നടി താനാണെന്ന രശ്മിക മന്ദാനയുടെ അവകാശവാദത്തിനു പിന്നാലെ വിമര്‍ശനം. അങ്ങനെയാണെങ്കിൽ നെരവന്ദ പ്രേമയും ഗുൽഷൻ ദേവയ്യയും ആരാണെന്നു സോഷ്യൽമീഡിയ ചോദിച്ചു. കഴിഞ്ഞ ആഴ്ച മോജോ സ്റ്റോറിയിൽ ബർഖ ദത്തിനു നൽകിയ അഭിമുഖത്തിലാണു രശ്മിക ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചത്.
“എനിക്ക് ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ വീട്ടിലെ സാഹചര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. കാരണം, കൂർഗ് സമൂഹത്തിൽ ആരും ഇതുവരെ സിനിമാ മേഖലയിൽ പ്രവേശിച്ചിട്ടില്ല. ഞങ്ങളുടെ സമൂഹത്തിൽ നിന്ന് ആദ്യമായി ഈ മേഖലയിലേക്കു പ്രവേശിച്ചതു ഞാനാണെന്നു കരുതുന്നു. ആളുകൾ അങ്ങേയറ്റം വിവേചനബുദ്ധിയുള്ളവരായിരുന്നു”- രശ്മിക പറയുന്നു.
1990 കളിലും 2000 ങ്ങളുടെ തുടക്കത്തിലും തിളങ്ങിയിരുന്ന പ്രശസ്ത കന്നഡ നടി നെരവന്ദ പ്രേമയോടു രശ്മികയുടെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോൾ പ്രതികരിച്ചത് ഇങ്ങനെ: “ എനിക്ക് എന്താണു പറയാനുള്ളത്? കൊടവ സമൂഹത്തിനു സത്യം അറിയാം. ഇതേക്കുറിച്ചു നിങ്ങൾ അവരോടു (രശ്മികയോടു) ചോദിക്കണം. ഇതിനെക്കുറിച്ച് എനിക്ക് എന്തുപറയാൻ കഴിയും.”
കന്നഡ, തെലുങ്ക്, തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രേമ കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും ഫിലിംഫെയറിൽ മികച്ച നടിക്കുള്ള അവാർഡും നേടിയ നടിയാണ്. രശ്മികയുടെ പ്രസ്താവനക്കുപിന്നാലെ നിരവധി പേരാണു സോഷ്യൽമീഡിയയിൽ നടിക്കെതിരേ രംഗത്തെത്തിയത്. ഉദാഹരണമായി അഭിനേതാക്കളുടെ നീണ്ട ലിസ്റ്റ് തന്നെ അവര്‍ പങ്കുവച്ചു. “അവർ കൊടവ സമൂഹത്തിലെ ആദ്യത്തെ അഭിനേതാവല്ല.അതിനുമുമ്പു പല കലാകാരന്മാരും പ്രേമ, നിധി സുബ്ബായ്, ഹരിഷിക പൂനാച്ച, തനിഷ കുപ്പണ്ട എന്നിവരെപ്പോലുള്ളവർ നിരവധി പേര് സിനിമയിലെത്തിയിട്ടുണ്ട്- സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി.