ദീപികയെയും പ്രിയങ്കയെയും ‘വെട്ടി’ ബോളിവുഡ് ബോക്സോഫിസ് ക്വീൻ പദവിയിലേക്കുയർന്നു രശ്മിക മന്ദാന. ബോളിവുഡിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പണം വാരിയ കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലെയും നായിക ബോളിവുഡിൽ നിന്നുള്ള താരമായിരുന്നില്ല. ബോളിവുഡിന് പുറത്തുനിന്നൊരാൾ ബോക്സ് ഓഫീസ് അടക്കിവാഴുന്ന കാഴ്ചയാണ് ബോളിവുഡിൽ കഴിഞ്ഞ കാലങ്ങളിൽ കാണാൻ സാധിച്ചത്. അത് മറ്റാരുമല്ല, രശ്മിക മന്ദാന.
വെറും മൂന്ന് സിനിമകൾ കൊണ്ട് ബോളിവുഡ് ബോക്സ് ഓഫീസ് ക്വീൻ ആയി മാറുകയാണ് തെന്നിന്ത്യൻ താരം രശ്മിക മന്ദാന. രണ്ട് വർഷത്തിനുള്ളിൽ മൂന്ന് സിനിമകൾ, ആഗോളതലത്തിൽ 3,300 കോടി രൂപയാണ് നേടിയത്. രൺവീർ കപൂറുമൊന്നിച്ച ആനിമൽ, അല്ലു അർജുൻ പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2, ഛാവ – ഈ ചിത്രങ്ങളിൽ നായികയായെത്തിയത് രശ്മികയായിരുന്നു. ഇതിൽ ഛാവ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. പുഷ്പ 2 – 812 കോടി രൂപയാണ് ഹിന്ദി പതിപ്പ് കളക്ട് ചെയ്തത്. ആനിമൽ 503 കോടിയും.
ഛാവ ഇതിനകം തന്നെ 532 കോടി കളക്ട് ചെയ്തു കഴിഞ്ഞു. ആകെ 1,850 കോടി രൂപയാണ് രശ്മിക നായികയായ ചിത്രങ്ങളിൽ ഇന്ത്യയിൽ നിന്ന് മാത്രം കളക്ട് ചെയ്തത്. ബോളിവുഡിലെ നിലവിലെ താരങ്ങളെ മറികടന്നാണ് രശ്മിക ഈ നേട്ടത്തിലെത്തി നിൽക്കുന്നത്.
പ്രിയങ്ക ചോപ്ര യുഎസിലേക്ക് ചേക്കേറിയതോടെ ബോളിവുഡ് റാണി പട്ടം ദീപിക പദുകോണിന്റെ കൈയിലായിരുന്നു. കത്രീന കൈഫ്, കങ്കണ തുടങ്ങിയവർ ബോളിവുഡ് ബോക്സ് ഓഫീസിൽ മത്സരിച്ചെങ്കിലും ദീപിക തന്നെയായിരുന്നു നന്പർ വൺ.
ഇതിനിടെ പുതു തലമുറയിൽ നിന്ന് ആലിയ ഭട്ട് മത്സരത്തിനെത്തിയെങ്കിലും ഇതുവരെ ആരും എത്തിപ്പിടിക്കാത്ത ഉയരത്തിലേക്കാണ് രശ്മികയുടെ ഉയർച്ച. 2023 മുതൽ അഞ്ച് ചിത്രങ്ങൾ കൊണ്ട് 1,800 കോടി കളക്ട് ചെയ്തതാണ് ദീപികയുടെ നേട്ടം. ഇതേ സമയം 300 കോടിയാണ് ആലിയ ഭട്ടിന്റെ നേട്ടം.
രശ്മികയുടെ ചിത്രത്തിൽ, രൺബീർ കപൂർ, അല്ലു അർജുൻ തുടങ്ങിയ ഏറെ പ്രാധാന്യമുള്ള പുരുഷ കഥാപാത്രങ്ങളും ഉണ്ടെന്നും ഇതിനാലാണ് ഇത്രയും പണം വാരിക്കൂട്ടിയതെന്നും ചിലർ വാദിക്കുന്നുണ്ടെങ്കിലും ദീപികയുടെയും കരീനയുടെയും ചിത്രങ്ങളിലും സമാനമായി ഏറെ പ്രാധാന്യമുള്ള പുരുഷ കഥാപാത്രങ്ങളുണ്ടായിരുന്നുവെന്നും മറുവാദമുയർത്തുന്നവരും കുറവല്ല.
ഇതോടെ മാസ് സിനിമകൾക്ക് ഇപ്പോൾ ആദ്യ ഓപ്ഷൻ രശ്മികയാണ്. രശ്മികയുടെ ഉയർച്ചയെക്കുറിച്ചാണ് താരങ്ങൾക്ക് പറയാനുള്ളത്.നിലവിൽ സൽമാൻ ഖാനൊപ്പമുള്ള സിക്കന്ദറാണ് രശ്മികയുടെ അടുത്ത ചിത്രം. ഹൊറർ കോമഡി ചിത്രം തമയിലും നായിക രശ്മികയാണ്. പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം കുബേരയിലും രശ്മികയാണ് നായിക.