ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) 100-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക നാണയങ്ങളും തപാൽ സ്റ്റാമ്പുകളും കേന്ദ്രസർക്കാർ പുറത്തിറക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ.
ആർഎസ്എസിന്റെ സേവനത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും ഒരു നൂറ്റാണ്ടിന്റെ ഓർമയ്ക്കായാണ് നാണയങ്ങളും സ്റ്റാന്പും പുറത്തിറക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക സ്മാരക നാണയങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യാം. അതേസമയം സ്റ്റാമ്പുകൾ ഇന്ത്യയിലുടനീളമുള്ള ഫിലാറ്റലി ബ്യൂറോകളിൽ ലഭ്യമാണ്.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്. 1925ൽ മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറാണ് ആർഎസ്എസ് സ്ഥാപിച്ചത്.