കൊല്ലം: സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് (17229/ 12730) ട്രെയിൻ സൂപ്പർ ഫാസ്റ്റായി ഉയർത്തുന്നു. ഇതിന്റെ ഭാഗമായി വണ്ടിയുടെ നമ്പരിൽ മാറ്റംവരുത്തി.മാറ്റം എന്നുമുതലാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ശബരി സൂപ്പർ ഫാസ്റ്റ് (പുതിയ നമ്പർ -20630) അടുത്ത ദിവസം രാവിലെ 11 ന് സെക്കന്ദരാബാദിൽ എത്തുന്നതാണു പുതിയ സമയക്രമം.
സെക്കന്ദരാബാദിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.35ന് പുറപ്പെടുന്ന ശബരി സൂപ്പർ ഫാസ്റ്റ് (20629) അടുത്ത ദിവസം വൈകുന്നേരം 6.20 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. നിലവിലെ എക്സ്പ്രസ് ട്രെയിന്റെ മുൻകൂർ റിസർവേഷൻ കാലാവധി തീരുന്ന മുറയ്ക്കായിരിക്കും സൂപ്പർ ഫാസ്റ്റിലേക്കുള്ള മാറ്റം പ്രാബല്യത്തിൽ വരിക. തീയതി പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ടിക്കറ്റ് നിരക്കുകളിലും വർധനയുണ്ട്. എക്സ്പ്രസ് ട്രെയിനുകളിൽ മിനിമം ടിക്കറ്റ് ചാർജ് 30 രൂപയാണ്. സൂപ്പർ ഫാസ്റ്റാകുമ്പോൾ ഇത് 45 രൂപയായി ഉയരും. നിലവിൽ ശബരി എക്സ്പ്രസ് ട്രെയിന്റെ അറ്റകുറ്റപ്പണികൾ നടത്തി വന്നിരുന്നതു സെക്കന്ദരാബാദിലാണ്. സൂപ്പർഫാസ്റ്റായി മാറുമ്പോൾ പ്രാഥമിക മെയിന്റനൻസ് ജോലികൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലായിരിക്കും നടക്കുക.
കൊല്ലം: സംസ്ഥാനത്ത് ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തിയിരുന്ന രണ്ട് സ്പെഷൽ ട്രെയിനുകൾ ഇന്നു മുതൽ ഇനി എല്ലാ ദിവസവും.കോഴിക്കോട് -പാലക്കാട് (06071), പാലക്കാട്-കണ്ണൂർ ( 06031) എന്നീ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളാണ് എല്ലാ ദിവസവും ഓടുക. ഈ ട്രെയിനുകളുടെ സമയത്തിലോ സ്റ്റോപ്പുകളിലോ മാറ്റമൊന്നുമില്ലെന്ന് ഭക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു.