പത്തനംതിട്ട: തുലാംമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ മാസപൂജ കാലയളവ്.18ന് പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ദര്‍ശനത്തിന് എത്തുന്നു എന്നതും ഇത്തവണത്തെ പ്രതേത്യേകതയാണ്.
നാളെ വൈകുന്നേരം നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. 18നു പുലര്‍ച്ചെ അഞ്ചിന് ദശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും അന്നു രാവിലെ സന്നിധാനത്ത് നടക്കും.
ശബരിമലയിലേക്ക് പതിനാലും മാളികപ്പുറം ക്ഷേത്രത്തിലേക്ക് പതിമൂന്നും പേരുകളാണ് നറുക്കെടുപ്പിന്റെ പട്ടികയിലുള്ളത്. ഇതില്‍ ഏഴു പേര് രണ്ട് പട്ടികകളിലുമുണ്ട്. ആദ്യം ശബരിമല മേല്‍ശാന്തിയുടെയും പിന്നീട് മാളികപ്പുറത്തും നറുക്കെടുക്കും. പന്തളം കൊട്ടാരത്തില്‍ നിന്നു നിര്‍ദേശിച്ചിട്ടുള്ള രണ്ട് കുട്ടികളാണ് നറുക്ക് എടുക്കുന്നത്.
തുലാംമാസ പൂജയുടെ അവസാന ദിവസമായ 22ന് രാഷ്ട്രപതി ദൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രാഷ്ട്രപതിയെ വരവേല്ക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 22ന് ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും. 21 നാണ് ശ്രീചിത്തിര ആട്ടതിരുനാള്‍.