കോഴിക്കോട്: വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വേലത്തിപടിക്കല്‍ വിജിലിന്റെ മൃതദേഹം ചവിട്ടിത്താഴ്ത്തിയ സരോവരത്തെ കണ്ടല്‍ക്കാടില്‍ പോലീസ് ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുക്കും.കണ്ടല്‍ക്കാടിനുള്ളിലെ ചതുപ്പിലാണ് മൃതദേഹം താഴ്ത്തിയത്. ഇന്ന് പ്രതികളെ നേരിട്ടു സ്ഥലത്തെത്തിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് പോലീസ് തീരുമാനം. ഈ സ്ഥലം പ്രതികള്‍ പോലീസിന് കാണിച്ചു നല്‍കിയിരുന്നു. വിജിലിന്റെ ബൈക്കും മൊബൈല്‍ ഫോണും കല്ലായ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചുവെന്നാണ് മൊഴി.
പ്രതികളെ റെയില്‍വേ സ്റ്റേഷന് പരിസരത്ത് എത്തിച്ച് തെളിവെടുത്തു. സ്റ്റേഷനില്‍നിന്ന് ബൈക്ക് കണ്ടെടുത്തു.മൊബൈല്‍ ഫോണ്‍ കിട്ടിയില്ല. വിജിലിന്റെ കോള്‍ റെക്കോര്‍ഡുകള്‍ ഡിലീറ്റ് ചെയ്തശേഷമാണ് ഫോണ്‍ വലിച്ചറിഞ്ഞത്. അറസ്റ്റിലായ എരഞ്ഞിപ്പാലം വാഴത്തിരുത്തി കൊളങ്ങരകണ്ടി മീത്തല്‍ കെ.കെ. നിഖില്‍ (35), വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ വീട്ടില്‍ എസ്. ദീപേഷ് (37) എന്നിവരെ കോടതി മൂന്ന് ദിവസത്തേക്ക് എലത്തൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. അതേസമയം ഒളിവിലുള്ള വിജിലിന്റെ മറ്റൊരു സുഹൃത്തായ പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തി(31)നായി അന്വേഷണം തുടരുകയാണ്.
2019 മാര്‍ച്ച് 24നാണ് വേലത്തിപടിക്കല്‍ വിജയന്റെ മകന് വിജിലിനെ കാണാതായത്. സരോവരത്തെ ഒഴിഞ്ഞ ഭാഗത്ത് വച്ച് വിജിലും മറ്റുപ്രതികളും ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ചിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വിജില്‍ ഉണരാതിരുന്നതോടെ മറ്റുള്ളവര്‍ തിരിച്ചുപോവുകയായിരുന്നു.
രാത്രി വീണ്ടുമെത്തിയപ്പോഴാണ് വിജില്‍ മരിച്ചെന്നുറപ്പാക്കിയത്. ഇതോടെ കുറ്റിക്കാട്ടിലേക്ക് മാറ്റിയശേഷം അടുത്ത ദിവസം മൃതദേഹം ചതുപ്പിലേക്ക് താഴ്ത്തി മുകളില്‍ ചെങ്കല്ലുവച്ചു. എട്ടുദിവസംകഴിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ തല വെള്ളത്തിനുമുകളിലേക്ക് ഉയര്‍ന്നത് കണ്ടതോടെ ഭാരമേറിയ കല്ലെടുത്ത് മുകളില്‍ വച്ചു. മാസങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തി അസ്ഥിയെടുത്ത് ബലിതര്‍പ്പണം നടത്തിയശേഷം കടലില്‍ ഒഴുക്കിയതെന്നാണ് പ്രതികളുടെ മൊഴി.