തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരേ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായിരുന്ന ജി. സുധാകരന്. തന്നെ ഉപദേശിക്കാന്‍ സജി ചെറിയാന് എന്ത് അര്‍ഹതയാണ് ഉള്ളത്. അതിനുള്ള പ്രായവും പക്വതയുമില്ല. സജി ചെറിയാനെ വലുതാക്കിയതില് തനിക്ക് പങ്കുണ്ട്. സജി എത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
തനിക്കെതിരേ നില്ക്കുന്നവര് താന്‍ സഹായിച്ചവരാണ്. പാര്‍ട്ടിക്ക് യോജിക്കാതെയാണ് സജി സംസാരിക്കുന്നത്.സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സജി ശ്രമിച്ചു. സജിക്കെതിരേ പാര്‍ട്ടി നടപടിയെടുക്കണം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും ബിജെപിയിലേക്ക് പോകുന്നുവെന്നും വ്യാജപ്രചാരണം നടത്തിയത് സജി ചെറിയാനൊപ്പം ഉള്ളവരാണ്.
സജിയും അതില്‍ പങ്കാളിയാണ്. തനിക്കെതിരേ പരാതി നല്‍കിയതിലും സജി ചെറിയാന് പങ്കാളിയാണ്. എന്നും താന്‍ പാര്‍ട്ടിക്കൊപ്പമായിരിക്കും. പാര്‍ട്ടി നയം അനുസരിച്ച് പ്രവര്‍ത്തിക്കും. താന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിണറായി വിജയനു തന്നെ വലിയ കാര്യമാണ്. 30 വര്‍ഷക്കാലം പിണറായിക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. തനിക്കെതിരേ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുകയാണ്.
ഇതിനുപിന്നില്‍ ആരാണെന്ന് പാര്‍ട്ടി അന്വേഷിക്കണമെന്നും ജി. സുധാകരന് ആവശ്യപ്പെട്ടു. എനിക്കെതിരായ പരാതി എളമരം കരിം അന്വേഷിച്ച് വഷളാക്കി. പാര്‍ട്ടിയിലുള്ള തന്നോട് പാര്‍ട്ടിയുമായി ചേര്‍ന്നുപോകാന്‍ പറഞ്ഞയാളാണ് സജി ചെറിയാന്. മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ ഭൂരിപക്ഷം കിട്ടണം.
സജി ചെറിയാനെ പോലെയുള്ളവരുടെ പ്രവര്‍ത്തനവും സ്വഭാവ രീതിയും ഇങ്ങനെയാണെങ്കില്‍ എങ്ങനെ ഭൂരിപക്ഷം കിട്ടും. തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. സജി ചെറിയാന് തന്നോട് ഏറ്റുമുട്ടാന്‍ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയിച്ചതിനുശേഷം എച്ച്. സലാം എന്തിന് പാര്‍ട്ടിക്കു പരാതി കൊടുത്തുവെന്നും സുധാകരന് ചോദിച്ചു.
പിണറായിയും കോടിയേരിയും ഇതേ ചോദ്യമാണ് സലാമിനോടു ചോദിച്ചത്. എ.കെ. ബാലനെപ്പോലെ തനിക്ക് മാറാനാകില്ലെന്നും ബാലന് മാറിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം സജി ചെറിയാനും എ.കെബാലനും ജി. സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.