ഇന്‍ഡോര്‍: 69-ാമത് ദേശീയ സബ് ജൂണിയര്‍ സ്കൂള്‍ അത്ലറ്റിക്സില് കേരളത്തിനു ചരിത്രത്തില്‍ ആദ്യമായി ഓവറോള്‍ കിരീടം. നാല് സ്വര്‍ണം, മൂന്നു വെങ്കലം എന്നിങ്ങനെ ഏഴ് മെഡല്‍ നേടിയാണ് കേരളം ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
28 പോയിന്റ് കേരളത്തിന്റെ അക്കൗണ്ടിലെത്തി. കഴിഞ്ഞ വര്‍ഷം രണ്ട് വെങ്കലം മാത്രമായിരുന്നു കേരളത്തിന്റെ സമ്പാദ്യം. ഇത്തവണ ഉജ്വല തിരിച്ചുവരവ് നടത്തി കേരളം ട്രോഫിയുമായി ഇന്‍ഡോറില്‍നിന്നു മടങ്ങി. പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളത്തിനാണ് ചാമ്പ്യന്‍ഷിപ്പ്. ഓവറോളിലേക്ക് കേരളത്തിന്റെ മുഴുവന്‍ പോയിന്റും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം.
കഴിഞ്ഞ ആഴ്ച നടന്ന ദേശീയ സീനിയര്‍ അത്ലറ്റിക്സിലും കേരളമായിരുന്നു ഓവറോള്‍ ചാമ്പ്യന്മാര്. 10 വര്‍ഷം മുമ്പ് ദേശീയ സ്കൂള്‍ മീറ്റ് വിവിധ കാറ്റഗറികളിലായി വേര്‍തിരിച്ചു നടത്താന്‍ തുടങ്ങിയശേഷം ഇക്കാലമത്രയും സബ് ജൂണിയര്‍ വിഭാഗത്തില്‍ കേരളത്തിന് ഓവറോള്‍ ലഭിച്ചിരുന്നില്ല.
ഹാട്രിക് ഗോള്‍ഡ് അന്‍വി
കേരളത്തെ ഓവറോളിലെത്തിച്ച നാല് സ്വര്‍ണത്തില്‍ മുന്നിനും അന്‍വി സുരേഷ് പങ്കാളിയായി. സ്പ്രിന്റ് ഡബിള്‍ ഉള്‍പ്പെടെയാണിത്. ബിഇഎംഎച്ച്എസ്എസ് പാലക്കാടിന്റെ താരമാണ് അന്‍വി.
100 മീറ്ററില്‍ 12.83 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്ന് മീറ്റിലെ വേഗമേറിയ താരമായ അന്‍വി, ഇന്നലെ 200 മീറ്ററിലും സ്വര്‍ണത്തില്‍ മുത്തമിട്ടു.
പിന്നീട് 4×100 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണം നേടിയപ്പോഴും അന്വിയുടെ സാന്നിധ്യമുണ്ടായിരുന്നു. അന്‍വിക്കൊപ്പം ദേവപ്രിയ ഷൈബു (സിഎച്ച്എസ് കാല്‍വരി മൗണ്ട്, ഇടുക്കി), അഭിനന്ദന രാജേഷ് (കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ്, തൃശൂര്‍), ജൂലിയറ്റ് ഷബിന് (ജിവി രാജ) എന്നിവരായിരുന്നു സ്വര്‍ണത്തിലേക്ക് ബാറ്റണ്‍ കൈയിലേന്തിയത്.
അന്‍വിക്കു പുറമേ പെണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടത്തില്‍ അല്‍ക ഷിനോജാണ് കേരള അക്കൗണ്ടില്‍ വ്യക്തിഗത സ്വര്‍ണമെത്തിച്ചത്. കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ് അല്‍ക ഷിനോജ്.
വെങ്കലവഴി
പെണ്‍കുട്ടികളുടെ 100, 400, 600 മീറ്റർ ഓട്ടങ്ങളിലൂടെയായിരുന്നു കേരളത്തിന്റെ വെങ്കല മെഡലുകള്‍. 100 മീറ്ററില്‍ കാല്‍വരിമൗണ്ടിന്റെ ദേവപ്രിയ ഷൈബുവും 400 മീറ്ററില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജിന്റെ അല്‍ക്ക ഷിനോജും 600 മീറ്ററില്‍ എംഎച്ച്എസ് പൂവമ്പായിയുടെ സൈന ചൗധരിയും വെങ്കലമെഡല്‍ സ്വന്തമാക്കി.

