ചണ്ഡിഗഡ്: പശുക്കടത്തിന്റെ പേരില്‍ രാജസ്ഥാന് സ്വദേശികളായ യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. ഹരിയാനയിലെ ബിച്ചോര്‍ ഗ്രാമവാസിയായ ലോകേഷ് സിന്ഗ്ലയാണ് ട്രെയിനു മുന്നില്‍ ആത്മഹത്യ ചെയ്തത്.
ബജ്റംഗ്ദള്‍ നേതാവും മറ്റു രണ്ടുപേരുമാണ് ലോകേഷിന്റെ മരണത്തിനു കാരണമെന്നാണ് കുടുബം ആരോപിക്കുന്നത്.2023ൽ ആയിരുന്നു പശുക്കടത്തിന്റെ പേരില്‍ നാസിര്‍, ജുനൈദ് എന്നീ യുവാക്കള്‍ അതിദാരുണമായി കൊല്ലപ്പെടുന്നത്. ലോകേഷ് സിന്ഗ്ല അടക്കം 21 പേര്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്.
കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ലോകേഷ് ഒളിവിലായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.ബജ്റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ഭരത് ഭൂഷന്, അനില്‍ കൗശിക്, ഹര്‍കേഷ് യാദവ് എന്നിവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും മനസ് മടുത്ത് ജീവനൊടുക്കുകയാണെന്നും ലോകേഷ് പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഈ മൂന്ന് പേരുടേയും ഭീഷണിയില്‍ തകര്‍ന്നുവെന്നും ഇവര്‍ ദിവസവും ഗുണ്ടകളെ വിടുകയാണെന്നും ലോകേഷ് വീഡിയോയില്‍ പറയുന്നു. അവര്‍ തന്നെ പിന്തുടരുകയാണ്. തന്നെ കേസില്‍ കുടുക്കുമെന്ന് പറയുന്നു. താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും ലോകേഷ് പറയുന്നു. ബജ്റംഗ്ദള്‍ നേതാവ് അടക്കമുള്ളവര്‍ക്കെതിരേ ലോകേഷിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.