ന്യൂഡൽഹി: പോക്സോ കേസ് പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീംകോടതി. അതിജീവിതയെ പ്രതി വിവാഹം ചെയ്തു കുടുംബമായി ജീവിക്കുന്നുവെന്നത് കണക്കിലെടുത്താണ് കോടതി നടപടി. പ്രതിയായി ശിക്ഷിക്കപ്പെട്ട വ്യക്തിയെ ഇരയായ പെണ്‍കുട്ടി കുറ്റവാളിയായി കണ്ടിട്ടില്ലെന്നും തന്റെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് പെണ്‍കുട്ടി മുൻകാലങ്ങളിൽ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് പോക്സോ കേസിലെ പ്രതിയുടെ ശിക്ഷ റദ്ദാക്കിയത്. കോൽക്കത്ത സ്വദേശികളായ യുവാവിനും യുവതിക്കുമാണ് മാനുഷിക പരിഗണനയുടെ പേരിൽ രാജ്യത്തെ പരമോന്നത കോടതിയിൽനിന്ന് ഇളവ് ലഭിച്ചത്.
2018 ൽ 14 വയസുള്ള ഇരയുമായി പ്രണയത്തിലായിരുന്ന യുവാവ് പീഡിപ്പിച്ചതോടെയാണു പ്രതിക്കെതിരേ പോക്സോ കുറ്റം ചുമത്തുന്നത്. തുടർന്ന് വിചാരണക്കോടതി പ്രതിയായ യുവാവിന് തടവുശിക്ഷ വിധിച്ചു. എന്നാൽ കോൽക്കത്ത ഹൈക്കോടതി പ്രതിയെ വെറുതെ വിടുകയും കൗമാരക്കാരായ പെണ്‍കുട്ടികൾ തങ്ങളുടെ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണമെന്ന വിവാദ പ്രസ്താവന നടത്തുകയും ചെയ്തതോടെയാണ് വിഷയത്തിൽ സുപ്രീംകോടതി സ്വമേധാ കേസെടുക്കുന്നത്.
തുടർന്ന് പോക്സോ നിയമത്തിലെ സെക്ഷൻ 6 , ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376(3), 376(2)(എൻ) തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതിയുടെ ശിക്ഷ സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ഹൈക്കോടതിയുടെ പരാമർശത്തെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ശിക്ഷ തീരുമാനിക്കുന്നതിനുമുന്പ് വസ്തുതകൾ മനസിലാക്കാൻ കോടതി തീരുമാനിച്ചതോടെയാണ് മനുഷ്യത്വപരമായ വിധി സുപ്രീംകോടതിയിൽനിന്ന് ഇന്നലെയുണ്ടായത്.
ഇരയായ പെണ്‍കുട്ടിയോട് കൂടുതൽ ആശയവിനിമയം നടത്താൻ തീരുമാനിച്ച കോടതി ഇതിനായി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റും സാമൂഹിക വിദഗ്ധനും ഉൾപ്പെട്ട മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാനും സംഘത്തിന്റെ കോ-ഓർഡിനേറ്ററും സെക്രട്ടറിയുമായി ശിശുക്ഷേമ ഉദ്യോഗസ്ഥനെ നിയമിക്കാനും പശ്ചിമബംഗാൾ സർക്കാരിനോട് നിർദേശിച്ചു. ഈ സമിതി പെണ്‍കുട്ടിയുമായി നടത്തിയ ആശയവിനിമയത്തിന്റെ വെളിച്ചത്തിൽ പ്രതിയോടൊപ്പം താമസിക്കുന്നതിനുള്ള സമ്മതം പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. സമിതിയുടെ റിപ്പോർട്ട് മുദ്രവച്ച കവറിൽ സുപ്രീംകോടതിക്ക് നൽകുകയും ചെയ്തു. ഈ സമയങ്ങളിൽ പെണ്‍കുട്ടിക്ക് സ്വന്തം കുടുംബത്തിൽനിന്നടക്കം പ്രശ്നങ്ങൾ നേരിടേണ്ടിവന്നതായും കോടതി കണ്ടെത്തി.
നിയമപ്രകാരം സംഭവം കുറ്റകൃത്യമായി കാണുന്നെങ്കിലും ഇരയായ പെണ്‍കുട്ടി അതിനെ കുറ്റകൃത്യമായി കാണുന്നില്ലെന്ന് വിദഗ്ധ സമിതി മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിൽനിന്നു മനസിലാക്കുന്നതായി കോടതി വിധിപ്പകർപ്പിൽ വ്യക്തമാക്കി. നമ്മുടെ സമൂഹത്തിലെയും നിയമവ്യവസ്ഥയിലെയും കുടുംബത്തിലെയും പോരായ്മകൾ കാരണം ആദ്യകാലങ്ങളിൽ കൃത്യമായ തെരഞ്ഞെടുപ്പ് നടത്താൻ പെണ്‍കുട്ടിക്കു സാധിച്ചില്ലെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
ഒരു കുഞ്ഞിന് ജന്മം നൽകിയ പെണ്‍കുട്ടി തന്റെ ഭർത്താവിനെയും ചെറിയ കുടുംബത്തെയും രക്ഷിക്കാൻ തീവ്രശ്രമം നടത്തിയതായും ഇതു കണക്കിലെടുത്താണ് ഭർത്താവിനെ ശിക്ഷയിൽനിന്ന് ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയിലെ ആർട്ടിക്കിൾ 142 പ്രകാരം സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. ഇതോടൊപ്പം ഇത്തരം വിഷയങ്ങളിൽ നിയമവ്യവസ്ഥയിലെ പോരായ്മയും കോടതി ചൂണ്ടിക്കാട്ടി.
സനു സിറിയക്