സതാംപ്ടണ്: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ഇന്ത്യ കൈവിട്ടു. ഫൈനലിന്റെ റിവസർവ് ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 106 റണ്‍സ് മാത്രം നേടിയ ഇന്ത്യ, ബൗളിംഗിനായി പന്ത് കൈയിലെടുത്തപ്പോൾ ലഭിച്ച ക്യാച്ചുകൾ ഉൾപ്പെടെ നഷ്ടപ്പെടുത്തി.
അതോടെ ന്യൂസിലൻഡ് പ്രഥമ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. ഐസിസി ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനു മുന്നിൽ പരാജയപ്പെട്ടതിന്റെ ക്ഷീണമകറ്റുന്നതുകൂടെയായിരുന്നു കെയ്ൻ വില്യംസണിന്റെയും കൂട്ടരുടെയും ടെസ്റ്റ് കിരീടം.
139 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. സ്കോർ: ഇന്ത്യ 217, 170. ന്യൂസിലൻഡ് 249, 140/2.
റോസ് ടെയ്ലറിനെയും (47 നോട്ടൗട്ട്), വില്യംസണിനെ (52 നോട്ടൗട്ട്) പുറത്താക്കാനുള്ള അവസരം ഇന്ത്യ കളയുകയായിരുന്നു. 30.4-ാം ഓവറിൽ ജസ്പ്രീത് ബുംറയുടെ പന്തിൽ ടെയ്ലറിനെ പൂജാര സ്ലിപ്പിൽ കൈവിട്ടു. ലാഥം (9), കോൺവെ (19) എന്നിവരുടെ വിക്കറ്റ് മാത്രമാണ് കിവീസ് നഷ്ടപ്പെടുത്തിയത്.
ടീ ടൈം
ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനമായ ഇന്നലെ ചായയ്ക്കു പിരിയുന്പോൾ ന്യൂസിലൻഡിനായിരുന്നു മേൽക്കൈ. വിക്കറ്റ് നഷ്ടപ്പെടാത 19 എന്നനിലയിലായിരുന്നു അവർ.
ശേഷിക്കുന്ന 45 ഓവറിൽ 120 റണ്‍സ് മാത്രം മതിയായിരുന്നു കിവീസിന് കന്നി ഐസിസി കിരീടത്തിലേക്ക്. ചായയ്ക്കുശേഷമുള്ള ആറാം ഓവറിൽ (ഇന്നിംഗ്സിലെ 14-ാം ഓവർ) ന്യൂസിലൻഡിന്റെ ആദ്യ വിക്കറ്റ് വീണു, ടോം ലാഥത്തെ (9) അശ്വിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി.
ഇന്നിംഗ്സിലെ 16-ാം ഓവറിന്റെ അഞ്ചാം പന്തിൽ അശ്വിൻ എൽബിഡബ്ല്യുവിലൂടെ കെയ്ൻ വില്യംസണിനെ പുറത്താക്കിയതായി അന്പയർ വിധിച്ചു.
നാല് റണ്‍സ് മാത്രമായിരുന്നു വില്യംസണിന്റെ സന്പാദ്യം. ഇന്ത്യൻ ആരാധകർ ആഹ്ലാദിച്ച നിമിഷം. എന്നാൽ, ഡിആർഎസിലൂടെ വില്യംസണ് ക്രീസിൽ തുടർന്നു. 18-ാം ഓവർ എറിയാനായി പന്തെടുത്ത അശ്വിൻ ഡെവോണ്‍ കോണ്‍വെയെ (19) വിക്കറ്റിനു മുന്നിൽ കുടുക്കി.
hന്ത് മാത്രം
ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റണ്‍സ് എന്ന നിലയിലാണ് അഞ്ചാംദിനം അവസാനിപ്പിച്ചത്. 12 റണ്‍സുമായി ചേതേശ്വർ പൂജാരയും എട്ട് റണ്‍സുമായി വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് പുനരാരംഭിക്കാൻ ക്രീസിലെത്തി.
സ്കോർബോർഡിൽ 71 റണ്‍സ് ആയപ്പോൾ കോഹ്ലിയെ കിവീസ് പേസർ കെയ്ൽ ജെമൈസണ്‍ മടക്കി അയച്ചു. 13 റണ്‍സ് ആയിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ സന്പാദ്യം. ആദ്യ ഇന്നിംഗ്സിലും ജെമൈസണിനു മുന്നിലായിരുന്നു കോഹ്ലി മുട്ടുമടക്കിയത്.
ഒരു റണ്‍കൂടി ചേർക്കുന്നതിനിടെ പൂജാരയും (15) പുറത്ത്. ഇന്ത്യയുടെ പ്രതീക്ഷയായ അജിങ്ക്യ രഹാനെയും (15) നിരാശപ്പെടുത്തി. ഋഷഭ് പന്തിനൊപ്പം അഞ്ചാം വിക്കറ്റിൽ 37 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് രഹാനെ മടങ്ങിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ടായിരുന്നു അത്.
രവീന്ദ്ര ജഡേജ (16)- പന്ത് ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 33 റണ്‍സ് പിറന്നു. 88 പന്തിൽ 41 റണ്‍സ് നേടിയ പന്ത് ആയിരുന്നു ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 217. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 249.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: രോഹിത് എൽബിഡബ്ല്യു ബി സൗത്തി 30, ഗിൽ എൽബിഡബ്ല്യു ബി സൗത്തി 8, പൂജാര സി ടെയ്ലർ ബി ജെമൈസണ്‍ 15, കോഹ്ലി സി വാട്ലിംഗ് ബി ജെമൈസണ്‍ 13, രഹാനെ സി വാട്ലിംഗ് ബി ബോൾട്ട് 15, പന്ത് സി നിക്കോൾസ് ബി ബോൾട്ട് 41, ജഡേജ സി വാട്ലിംഗ് ബി വാഗ്നർ 16, അശ്വിൻ സി ടെയ്ലർ ബി ബോൾട്ട് 7, ഷമി സി ലാഥം ബി സൗത്തി 13, ഇഷാന്ത് നോട്ടൗട്ട് 1, ബുംറ സി ലാഥം ബി സൗത്തി 0, എക്സ്ട്രാസ് 11, ആകെ 73 ഓവറിൽ 170.
വിക്കറ്റ് വീഴ്ച: 1-24, 2-51, 3-71, 4-72, 5-109, 6-142, 7-156, 8-156, 9-170, 10-170.
ബൗളിംഗ്: സൗത്തി 19-4-48-4, ബോൾട്ട് 15-2-39-3, ജെമൈസണ്‍ 24-10-30-2, വാഗ്നർ 15-2-44-1.