തുടരും എന്ന ബ്ലോക് ബസ്റ്റര്‍ സിനിമയ്ക്കു ശേഷം അടുത്ത പ്രോജക്ട് പ്രഖ്യാപിച്ച് മോഹൻലാൽ. നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും മോഹൻലാലിന്റെ അടുത്ത സിനിമ. ‘ഇഷ്ക്’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് കഥ–തിരക്കഥ–സംഭാഷണം നിർവഹിക്കുന്നത്. ആഷിഖ് ഉസ്മാൻ ആണ് നിർമാണം.
സിനിമയിൽ പോലീസ് എസ്ഐയുടെ വേഷത്തിലാകും മോഹൻലാൽ എത്തുക. കോമഡി ത്രില്ലർ ഗണത്തില്‍പെടുന്ന എന്റർടെയ്നറാകും ചിത്രം. സിനിമയുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല. ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും. ട്വൽത്ത് മാനു ശേഷം മോഹൻലാൽ മുഴുനീള പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാകുമിത്. എൽ365 എന്നാണ് സിനിമയ്ക്കു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.
വിജയ് സൂപ്പർ പൗർണമി, തല്ലുമാല, അർജന്റീന ഫാൻസ് എന്നീ സിനിമകളിൽ അഭിനേതാവായി തിളങ്ങിയ താരമാണ് ഓസ്റ്റിൻ ഡാൻ. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അഞ്ചാംപാതിര’ സിനിമയുടെ ചീഫ് അസോഷ്യേറ്റ് ഡയറക്ടർ കൂടിയായിരുന്നു ഓസ്റ്റിൻ.
ഇടവേളയ്ക്ക് ശേഷം മോഹൻലാൽ വീണ്ടും പോലീസ് വേഷത്തിൽ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്
