വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം ഉൾപ്പെടെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിരവധി തർക്കങ്ങൾ പരിഹരിക്കുന്നതിൽ താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൊബേൽ സമ്മാനത്തിനുവേണ്ടിയല്ല താൻ ഇതു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഗാസ സംഘർഷത്തിലെ അടുത്തിടെയുണ്ടായ വെടിനിർത്തലിനെ താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചു.മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത് . “ഇത് ഞാൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായിരിക്കും. ഇപ്പോൾ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഒരു സംഘർഷം നടക്കുന്നുണ്ട്, ഞാൻ തിരിച്ചെത്തുമ്പോൾ അത് പരിഹരിക്കും. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ വിദഗ്ധനാണ്” – ട്രംപ് പറഞ്ഞു.
“ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ചില യുദ്ധങ്ങൾ 31, 32, അല്ലെങ്കിൽ 37 വർഷം നീണ്ടുനിന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു, അവയിൽ മിക്കതും ഞാൻ ഒരു ദിവസത്തിനുള്ളിൽ പരിഹരിച്ചു.” വ്യാപാരം, താരിഫ് തുടങ്ങിയ സാമ്പത്തിക നടപടികളിലൂടെ ചില സംഘർഷങ്ങൾ പരിഹരിച്ചതായും ട്രംപ് പറഞ്ഞു.
“നിങ്ങളുടെ കൈവശം ആണവായുധങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്താൻ ഞാൻ ശ്രമിച്ചു. നിങ്ങൾ രണ്ടുപേരും യുദ്ധത്തിന് പോയാൽ, ഞാൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നീ തീരുവകൾ ചുമത്തും. ഞാൻ തീരുവ ചുമത്തി 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം ഒരിക്കലും അവസാനിക്കുമായിരുന്നില്ല” എന്നും ട്രംപ് അവകാശപ്പെട്ടു.
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുക എന്നതല്ല തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. “ഇത് ചെയ്യുന്നത് ഒരു ബഹുമതിയാണ്. 2025 ൽ നിരവധി പ്രധാന പ്രവർത്തനങ്ങൾ ചെയ്തുവെന്ന് ചിലർ പറയുന്നു, പക്ഷേ ഇത് നൊബേലിനുവേണ്ടിയല്ല, ജീവൻ രക്ഷിക്കാനാണുചെയ്തത്.’