രുദ്രപ്രയാഗ്: ഇന്നലെ രാത്രി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. നിരവധിപ്പേർക്കു പരിക്കേറ്റു. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഘവിസ്ഫോടനത്തിനു ശേഷമുള്ള അവശിഷ്ടങ്ങൾ ഒഴുകിയെത്തിയെന്നും വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടെന്നും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു.
രുദ്രപ്രയാഗ് ജില്ലയിൽ, അളകനന്ദ, മന്ദാകിനി നദികളുടെ സംഗമസ്ഥാനത്തുള്ള ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. കേദാർനാഥ് താഴ്വരയിലെ ലാവാര ഗ്രാമത്തിൽ, മോട്ടോർ റോഡിലെ പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി. ചെനഗഡിലും സ്ഥിതി ഗുരുതരമായി. കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വൻനാശം സംഭവിച്ചിരുന്നു. തരാളി മാർക്കറ്റ് ഏരിയയും തരാളി തഹസിൽ സമുച്ചയവും അവശിഷ്ടങ്ങളാൽ മൂടിയിരുന്നു.
സീസണിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്തതും തുടർച്ചയായതുമായ മഴയും മേഘസ്ഫോടനങ്ങളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ജമ്മു മേഖലയിലെ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.