പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഇന്ന് പുലർച്ചെ ആറോടെയാണ് വിജിലൻസ് സംഘം പ്രസിഡന്റിന്റെ മാട്ടൂൽ നോർത്തിലുള്ള വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
പൊതുപ്രവർത്തകനെന്ന നിലയിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നുള്ളതാണ് പ്രസിഡന്റിനെതിരേയുള്ള വിജിലൻസ് കേസ്. പരാതിയിൽ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്പെഷ്യൽ സെൽ വിജിലൻസ് ഡിവൈഎസ്പിമാരായ സുരേഷ്, രമേശ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തുന്നത്. ചില വിലപ്പെട്ടരേഖകൾ കിട്ടിയെന്നാണു പുറത്തുവരുന്ന വിവരം.
മുസ്ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി അംഗവും പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ ചെയർമാനും കൂടിയാണ് സഹീദ്. മാടായി ഗ്രാമപഞ്ചായത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലെ വാടകയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടിലും പുതിയങ്ങാടി ഹൈസ്കൂൾ ചെയർമാൻ എന്ന നിലയിൽ നടക്കുന്ന പല ഇടപാടുകളിലും നിയമനങ്ങളിലും അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.