ഭാര്യാഭർത്താക്കന്മാർ തമ്മിൽ ശണ്ഠ കൂടുന്നത് പുതിയ കാര്യമല്ല. വീടിനുള്ളിലാകും ഇവരുടെ വഴക്ക് അധികവും. പുറത്ത് മാതൃകാ ദന്പതികളെപോലെ കഴിയാനാകും ഇവരിൽ പലരും ശ്രമിക്കുക. എന്നാൽ ചിലരുടെ വഴക്ക് തെരുവിൽ വരെ എത്തും. അത്തരമൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണു സംഭവം.
തിരക്കുള്ള ഒരു റോഡിലൂടെ പോകുന്ന ബൈക്കിനു പിന്നിലിരുന്ന ഒരു യുവതി ബൈക്ക് ഓടിക്കുന്ന ഭർത്താവിന്റെ മുഖത്തും തലയിലും ചെരിപ്പുകൊണ്ട് അടിക്കുന്നതാണു വീഡിയോയിലുള്ളത്. യുവതി അടിക്കുമ്പോൾ മുന്നിലിരിക്കുന്നയാൾ ഒഴിഞ്ഞ് മാറാനായി മുന്നോട്ടായുന്നതും വീഡിയോയിലുണ്ട്. ഓരോ അടിക്കുശേഷവും വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി യുവതി ഇടത് വശത്തേക്ക് ചൂണ്ടിക്കാണിക്കുന്നതും കാണാം.
ബൈക്കില്‍ പോകുമ്പോൾ തര്‍ക്കത്തെ തുടര്‍ന്നു ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നു എന്ന കാപ്ഷനോടെ ഘർ കെ കലേഷ് എന്ന ജനപ്രിയ എക്സ അക്കൗണ്ടിലാണ് 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. യുവതിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ചിലര്‍ യുവതിക്കെതിരേ നിയമനടപടി ആവശ്യപ്പെട്ടു. ഇരുവരും ബൈക്കില്‍ കയറുന്നതിന് മുമ്പ് എന്താണ് നടന്നതെന്നറിയാതെ യുവതിയെ കുറ്റപ്പെടുത്തരുതെന്നാണു മറ്റുചിലര്‍ പറഞ്ഞത്.