ഭോപ്പാൽ: മധ്യപ്രദേശ് സെഹോർ ജില്ലയിലെ വിഐടി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായി. മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥികൾ മരിച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധം. അഞ്ചു വിദ്യാർഥികൾ മരിച്ചതായാണു റിപ്പോർട്ട്.
ഒട്ടേറെ മലയാളി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണിത്. അക്രമാസക്തരായ വിദ്യാർഥികൾ കാമ്പസിലെ വാഹനങ്ങൾക്ക് തീയിട്ടു. സെഹോർ ജില്ലയിലെ വിഐടി കാന്പസിലായിരുന്നു സംഭവം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയുടെ (വിഐടി) സെഹോർ കാന്പസിൽ നാലായിരത്തോളം വിദ്യാർഥികളാണ് പ്രതിഷേധിച്ചത്. ഹോസ്റ്റലിലെ മോശം ഭക്ഷണവും വെള്ളവുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിദ്യാർഥികളുടെ ആരോപണം.
രോഷാകുലരായ വിദ്യാർഥികൾ യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും ഉപകരണങ്ങളും വെള്ളം ശുചീകരിക്കുന്ന ആർഒ പ്ലാന്റും തകർത്തു. ബസും രണ്ട് കാറുകളും ആംബുലൻലും ബൈക്കും അഗ്നിക്കിരയാക്കി.
ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. ഭക്ഷ്യവിഷബാധയെത്തുടർന്ന് നിരവധി വിദ്യാർഥികൾ ആശുപത്രിയിലായി. ഇവരിൽ പലർക്കും മഞ്ഞപ്പിത്തം ബാധിക്കുകയും ചിലർ മരിക്കുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിക്കുന്നു.
തങ്ങളുടെ പരാതി ഹോസ്റ്റൽ വാർഡൻമാരും സുരക്ഷാ ജീവനക്കാരും അവഗണിക്കുകയും ആക്രമിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. സംഭവത്തെ തുടർന്ന് കാമ്പസിൽ പോലീസിനെ വിന്യസിച്ചു.
വിദ്യാർഥികളുമായി ചർച്ച നടത്തിയതായും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നടപടികൾ ഉറപ്പുനൽകിയതായും അഷ്ഠ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ആകാശ് അമാൽകർ പറഞ്ഞു. അതേസമയം, കോളജിന് മാനേജ്മെന്റ് 30 വരെ അവധി പ്രഖ്യാപിച്ചു. നിലവിൽ സ്ഥിതി ശാന്തമാണെന്നു സെഹോർ പോലീസ് സൂപ്രണ്ട് ദീപക് ശുക്ല അറിയിച്ചു.

