പോള്‍ മാത്യു
തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് തര്‍ക്കവും വിവാദവുമൊക്കെ കൊഴുക്കുന്നുണ്ടെങ്കിലും ഇവിടെ നിലനില്‍ക്കുന്ന വനാവകാശ നിയമം മറികടന്നു പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിദഗ്ധാഭിപ്രായം. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വനാവകാശ നിയമമനുസരിച്ച് ഊരുകൂട്ടങ്ങളുടെ തീരുമാനം അനുകൂലമായാലേ ഈ മേഖലയിലേക്കു കടക്കാനും എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കൂ. കഴിഞ്ഞദിവസം ഊരുകൂട്ടം യോഗം ചേര്‍ന്ന് അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് അംഗങ്ങള്‍ തീരുമാനമെടുത്ത് ഹൈക്കോടതിയെ അറിയിച്ചു.
ഊരുമൂപ്പത്തി ഗീത സ്വന്തം നിലയില്‍ തന്നെ അതിരപ്പിള്ളി പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു ബലമേകാനായി ഊരുകൂട്ടത്തിന്റെ തീരുമാനവും കോടതിക്കു നല്‍കിയിട്ടുണ്ട്. ലോകത്തുതന്നെ ആകെ 1400 കാടര്‍ ആദിവാസികളുള്ളതില്‍ 850 പേരും വാഴച്ചാല്‍ ഡിവിഷനിലാണ് താമസിക്കുന്നത്. പല സ്ഥലങ്ങളില്‍ താമസിച്ചിരുന്ന കാടര്‍ വിഭാഗത്തില്‍പെട്ടവരെ അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡാമുകളും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ ഭാഗമായാണ് കുടിയിറക്കി ഇപ്പോള്‍ വാഴച്ചാല്‍ ഭാഗങ്ങളില്‍ താമസിപ്പിച്ചിരിക്കുന്നത്. ഇനിയും ഇവിടെ ഡാം നിര്‍മിക്കുന്നതിന്റെ പേരില്‍ കുടിയിറങ്ങാന്‍ ഒരുക്കമല്ലെന്നാണ് ആദിവാസികളുടെ തീരുമാനം.
ഊരുകൂട്ടത്തിന്റെ തീരുമാനങ്ങള്‍ അന്തിമമാണ്. മലയന്‍ വിഭാഗത്തില്പെട്ടവരും ഇവിടെ താമസിക്കുന്നുണ്ട്. വനവിഭവങ്ങളും കാടുകളോടു ചേര്‍ന്നുള്ള നദികളിലെ മത്സ്യസമ്പത്തും സംഭരിച്ചാണ് ഇവരുടെ ജീവിതം നിലനിര്‍ത്തുന്നത്. വനാവകാശ നിയമമനുസരിച്ച് ഊരുകൂട്ടത്തിന്റെ തീരുമാനമാണ് അവസാന വാക്ക്. ഈ തീരുമാനത്തെ മറ്റാര്‍ക്കും മാറ്റാനാകില്ലെന്നും വനാവകാശ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഴച്ചാല്‍ കമ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സ് കോ-ഓര്‍ഡിനേഷന്‍ സംഘം എന്ന പേരില്‍ ട്രാവന്‍കൂര്‍ കൊച്ചിന് ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജീസ്ട്രേഷനും ഇവര്‍ നേടിയിട്ടുണ്ട്.
വനവിഭവങ്ങളും മത്സ്യസമ്പത്തും മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് കാടര്‍ വിഭാഗത്തില്‍ പെട്ടവര്‍. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലും എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലുമായാണ് വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന് നിലനില്‍ക്കുന്നത്. 200 വ്യത്യസ്ത ഇനങ്ങളില്‍പെട്ട മൃഗങ്ങളും നാലിനത്തില്‍പെട്ട അപൂര്‍വയിനം മലമുഴക്കി വേഴാമ്പലുകളും 104 ഇനങ്ങളില്‍ പെട്ട മത്സ്യസമ്പത്തും ചാലക്കുടിപ്പുഴയിലുണ്ട്. വ്യത്യസ്തങ്ങളായ ജന്തുജാലങ്ങള്‍ മേഖലയില്‍ അധിവസിക്കുന്നുണ്ട്.