കൂത്തുപറമ്പ്: തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടിയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെ കതിരൂര്‍ എസ്ഐ സുരേന്ദ്രന് കല്യാടന്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു പൊന്ന്യം കുണ്ടുചിറയിലെ മരണ വീട്ടില്‍പോയി തിരിച്ചുവരികയായിരുന്ന അബ്ദുള്ളക്കുട്ടിക്കും ഒപ്പമുണ്ടായിരുന്ന നേതാക്കള്ക്കുംനേരേ ചീത്തവിളിയും ഭീഷണിയുമുണ്ടായത്.
സംഭവത്തില്‍ ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ ആശാരിപ്പറമ്പത്ത് സജീവന് (32), ജയകൃഷ്ണന് (26), തുഷാരത്തില്‍ രമിത്ത് (29), കുഴിക്കല്‍ മാവുള്ളമെട്ടയിലെ അനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് എ.പി. അബ്ദുള്ളക്കുട്ടി തലശേരി ഡിവൈഎസ്പിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.