അമ്പലമേട്ടില്‍ സള്‍ഫര്‍ അടങ്ങിയ വാതകമാണു ചോര്‍ന്നതെന്നു സൂചന; റിപ്പോര്‍ട്ട് ഇന്നു കളക്ടര്‍ക്ക് സമര്‍പ്പിക്കും

BIS-RIFINARIകിഴക്കമ്പലം: അമ്പലമേട്ടില്‍ വ്യവസായ സ്ഥാപനത്തില്‍ നിന്നും ചോര്‍ന്ന വാതകം ശ്വസിച്ച് വിദ്യാര്‍ഥികളും അധ്യാപകരും ആശുപത്രിയിലായ സംഭവത്തില്‍ ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പു ഇന്നു കളക്ടര്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ സള്‍ഫര്‍ അടങ്ങിയ രാസവാതകത്തിന്റെ പേരുള്ളതായി സൂചന. ഇന്നു ഉച്ച കഴിഞ്ഞ് കളക്ടര്‍ക്ക് ഇതിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് വകുപ്പധികൃതര്‍ നല്‍കും. വിദ്യാര്‍ഥികള്‍ ശ്വസിച്ച അന്തരീക്ഷ വായുവില്‍ സള്‍ഫര്‍ അടങ്ങിയ വാതകം നിറഞ്ഞിരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.

ചീഞ്ഞമുട്ടയുടേതിനു സമാനമായ രൂക്ഷഗന്ധം സംഭവസമയത്ത് ഉണ്ടായിരുന്നതായി വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും പറഞ്ഞിരുന്നു. ഇതിനു മുന്‍പും ഇത്തരത്തിലുള്ള രൂക്ഷഗന്ധം സ്കൂളിനു സമീപത്തെ സ്ഥാപനത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. തൃപ്പൂണിത്തുറ താലൂക്ക്, വികെഎം ആശുപത്രികളില്‍ നിന്നായി ഡിഎംഒ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും അന്തരീക്ഷ വായുവില്‍ വിഷാംശം കലര്‍ന്ന വാതകത്തിന്റെ സാന്നിധ്യം മൂലമാണ് വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായതെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

പുത്തന്‍കുരിശ് വില്ലേജ് ഓഫീസര്‍ പി.എസ്.ബിന്ദു നല്‍കിയ റിപ്പോര്‍ട്ടിലും വിഷാംശത്തെപ്പറ്റി പരാമര്‍ശമുണ്ട്. വിഷവാതകം ശ്വസിച്ച് കുഴിക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ 13 വിദ്യാര്‍ഥികളും ഒരു അധ്യാപികയും ജീവനക്കാരിയും ഐസിയുവിലാണ്. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വിഷവാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിഫൈനറിയിലേക്കു മാര്‍ച്ചു നടത്തി. ജില്ലാപ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മനോജ് മനക്കേക്കര, ഷാജി ജോര്‍ജ്, കെ.ആര്‍. കൃഷ്ണകുമാര്‍, വി.എന്‍. വിജയന്‍, എം.എന്‍ മധു, ശ്രീകാന്ത് എസ്. കൃഷ്ണന്‍, സി.പി. രവി, ഇ.എന്‍. വാസുദേവന്‍, ടി.കെ. രാജു, എം.എ. ഷിബു, വിജയ ഉണ്ണികൃഷ്ണന്‍, നിഷ സുരേന്ദ്രന്‍, സി.പി. മനോജ്, സന്ദീപ് ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts