ബെനോനി: ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ടെംബ ബാവുമ നേടിയ സെഞ്ചുറിയുടെ മികവില്‍ അയര്‍ലന്‍ഡിനെ ദക്ഷിണാഫ്രിക്കയ്ക്ക് 206 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന് 354 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് 148 റണ്‍സിലൊതുങ്ങി.
ഓപ്പണിംഗ് വിക്കറ്റില്‍ ബാവുമയും(113) ക്വാന്റണ്‍ ഡി കോക്കും(82) പടുത്തുയര്‍ത്തിയ 159 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് അടിത്തറയിട്ടത്. അവസാന ഓവറുകളില്‍ അതിവേഗ അര്‍ധ സെഞ്ചുറിയുമായി ഫര്ഹാന് ബെഹാര്ദിനും(22 പന്തില്‍ 50) ജെ.പി. ഡുമിനിയും(43 പന്തില്‍ 52) കളം നിറഞ്ഞതോടെ സ്കോര്‍ 350 കടന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് തകര്‍ന്നടിഞ്ഞു. കെവിന് ഒബ്രിയനാണ്(41) ഐറീഷ് നിരയില്‍ ടോപ് സ്കോറര്‍. ഡുമിനി നാലു വിക്കറ്റ് വീഴ്ത്തി.