അരലക്ഷം രൂപ തിരിച്ചേല്പിച്ച് ആറാംക്ലാസ് വിദ്യാര്‍ഥി മാതൃകയായി

tcr-rupeesഅന്തിക്കാട്: പാന്തോട് സെന്ററിലെ റോഡില്‍നിന്ന് കളഞ്ഞുകിട്ടിയ അരലക്ഷം രൂപയടങ്ങുന്ന ബാഗ് തിരിച്ചേല്പിച്ച് ആറാംക്ലാസ് വിദ്യാര്‍ഥി മാതൃകയായി. അന്തിക്കാട് ആല്‍ സെന്ററിലെ തണ്ട്യേക്കല്‍ മധുവിന്റെ മകനായ ഭാരതീയ വിദ്യാഭവനിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ നവനീത് കൃഷ്ണന്റെ സത്യസന്ധതയാണ് മാതൃകയായത്. സൈക്കിളില്‍ വന്നിരുന്ന നവനീതിനാണ് പണമടങ്ങിയ ബാഗ് ലഭിച്ചത്. ഉടന്‍തന്നെ സമീപത്തെ കടയില്‍ ബാഗ് ഏല്പിച്ചു. കടയുടമ ബാഗ് അന്തിക്കാട് പോലീസ് സ്‌റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു.

ഇതിനിടെ പണംകളഞ്ഞുപോയെന്ന പരാതിയുമായി ഷാപ്പു ജീവനക്കാരനായ ആലത്തൂര്‍ പാടൂര്‍ സ്വദേശിയായ ചൂണ്ടയില്‍ ശിവദാസന്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. കള്ളുഷാപ്പുകളിലെ കളക്ഷനുമായി വാഹനത്തില്‍ പോകുമ്പോള്‍ ബാഗ് തെറിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് അന്തിക്കാട് പോലീസ് സ്‌റ്റേഷനില്‍വച്ച് നവനീത് കൃഷ്ണന്‍ ഷാപ്പ് ജീവനക്കാരനായ ശിവദാസനെ പണമടങ്ങിയ ബാഗ് ഏല്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. കിഷോര്‍, വൈസ് പ്രസിഡന്റ് ജ്യോതിരാമന്‍, അന്തിക്കാട് എസ്‌ഐ പി. ശ്രീജിത്ത്, അഡീഷണല്‍ എസ്‌ഐ വിന്‍സെന്റ് ഇഗ്്‌നേഷ്യസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബാഗ് കൈമാറിയത്. സത്യസന്ധതയെ അഭിനന്ദിച്ച് അന്തിക്കാട് പോലീസ് നവനീത് കൃഷ്ണന് സ്‌നേഹസമ്മാനം നല്‍കാനും മറന്നില്ല.

Related posts