പാരീസ്: യൂറോ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ബിയില്‍ സ്പെയിനിനു ജയം. നിലവിലെ ചാമ്പ്യന്മാരായ സ്പെയില്‍ ഏകപക്ഷീയമായ ഒരു ഗോളിനു ചെക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചു. തുടക്കം മുതല്‍ ചെക്ക് ഗോള്‍ മുഖത്ത് സമ്മര്‍ദം ചെലുത്തിയ സ്പെയിന് മുഴുവന്‍ സമയം തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ വിജയ ഗോള്‍ നേടുകയായിരുന്നു. ഗോള്‍രഹിത സമനിലയിലേക്കെന്നു തോന്നിച്ച അവസരത്തില്‍ ജെറാര്‍ഡ് പികെയുടെ ഹെഡറാണ്് നിലവിലെ ജേതാക്കള്‍ക്ക് വിജയത്തുടക്കം നല്കിയ ഗോള്‍ വലയിലാക്കിയത്.
ആന്ദ്രെ ഇനിയെസ്റ്റയുടെ ക്രോസില്‍നിന്നുമായിരുന്നു ഗോളിനുള്ള വഴി തെളിഞ്ഞത്. ഇതിനുശേഷം സമനിലയ്ക്കായുള്ള ചെക്ക് താരം വ്ളാഡിമിര്‍ ഡാരിഡയുടെ ശ്രമം ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ രക്ഷപ്പെടുത്തിയതോടെ സ്പെയിനിനു വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കാനായി. മികച്ച രീതിയിലാണ് ചെക്ക് മത്സരം തുടങ്ങിയത്. ഒരു ഫ്രീകിക്ക് വല ലക്ഷ്യമാക്കി പോയെങ്കിലും ഡാരിയ്ഡയ്ക്കു വലയിലേക്കു തിരിച്ചുവിടാനായില്ല. ഉണ്ടായെങ്കിലും ഗോളാക്കാനായില്ല.
പെട്ടെന്നു തന്നെ സ്പെയിന് കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ചെക്ക് ഗോള്‍ മുഖം പലപ്പോഴും വിറച്ചു. എന്നാല്‍ ചെക്ക് വലകാത്ത പീറ്റര്‍ ചെക്കിന്റെ സമര്‍ഥമായ ഇടപെടല്‍ സ്പെയിനിനെ ഗോള്‍ നേടുന്നതില്‍നിന്നു തടഞ്ഞുനിര്‍ത്തി. ചെക്ക് താരങ്ങളില്‍നിന്ന് ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ തോമസ് നെസിഡിന്റെ ശ്രമം ഡി ഗിയ രക്ഷിച്ചു. രണ്ടാം പകുതിയിലും കളിയുടെ നിയന്ത്രണം സ്പെയിനിനായിരുന്നെങ്കിലും ചെക്കില്‍നിന്നും ഒന്നു രണ്ടു ഗോള്‍ ശ്രമങ്ങള്‍ ഉണ്ടായി.
സ്വീഡനു സമനില
പാരീസ്: പൊരുതിക്കളിച്ച അയര്‍ലന്‍ഡിന് സെല്‍ഫ് ഗോള്‍ വിനയായി. കരുത്തരായ സ്വീഡനെ അയര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. 48-ാം മിനിറ്റില്‍ വെസ് ഹൂളനിലൂടെ മുന്നിലെത്തിയ അയര്‍ലന്‍ഡിനു പക്ഷേ, 71-ാം മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെ സമനില വഴങ്ങേണ്ടിവന്നു. ബോക്സിന്റെ ഇടടു മൂലയില്‍നിന്ന് സ്വീഡന് സൂപ്പര്‍ സ്റ്റാര്‍ ഇബ്രാഹിമോവിച്ചിന്റെ മികച്ച ഒരു ഷോട്ട് ഹെഡറിലൂടെ പുറത്തേക്കു തള്ളിക്കളയാന്‍ ശ്രമിച്ച വെസ് ഹൂളനു പിഴച്ചു. പന്ത് സ്വന്തം വലയില്‍. ഇതോടെ മത്സരം 1-1 സമനിലയില്‍.