അസുഖങ്ങള്‍ മാറിയോ ? ജാമ്യം കിട്ടിയിട്ടും പി. ജയരാജന്‍ മത്സരിക്കാനില്ല, കണ്ണൂരിലൊഴികെ പ്രചാരണത്തിനിറങ്ങും; അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വടകരയിലിരുന്ന്

jayarajanകണ്ണൂര്‍: മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ചതോടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാക്കാന്‍ പാര്‍ട്ടി തീരുമാനം. റിമാന്‍ഡിലാകുന്നതിനു മുമ്പ് ജയരാജനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ റിമാന്‍ഡിലായതോടെ ഇക്കാര്യം പാര്‍ട്ടി ഉപേക്ഷിച്ചു. ഇപ്പോള്‍ ജാമ്യം ലഭിച്ചെങ്കിലും മത്സരിപ്പിക്കേണ്ടെന്നു തന്നെയാണു തീരുമാനം. മത്സരിക്കാനില്ലെന്നു ജയരാജന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ജാമ്യവ്യവസ്ഥപ്രകാരം രണ്ടുമാസത്തേക്കു കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള ജയരാജനു തെരഞ്ഞെടുപ്പ് കഴിയും വരെ ജില്ലയ്ക്കു പുറത്തുനില്‍ക്കേണ്ടിവരും. മോചിതനായ ജയരാജന്‍ കണ്ണൂരിലെ ആയുര്‍വേദ ആശുപത്രിയിനിന്ന് ഇന്നലെതന്നെ വടകര ചേറോടുള്ള സഹോദരിയും മുന്‍ എംപിയുമായ പി. സതീദേവിയുടെ വസതിയില്‍ എത്തിയിരുന്നു. വടകരയിലുള്ള ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ സന്ധിവാതത്തിനുള്ള ചികിത്സ തുടരും.

പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ഇപ്പോഴും തുടരുന്ന ജയരാജന്‍ വടകരയിലിരുന്ന് അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണ രംഗം സജീവമാകുന്ന മുറയ്ക്ക് കണ്ണൂര്‍ ജില്ല ഒഴികെയുള്ള സ്ഥലങ്ങളില്‍ പ്രത്യക്ഷമായി പ്രചാരണത്തിനിറങ്ങുമെന്നാണു സൂചന. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലായിരിക്കും ജയരാജനെ കൂടുതലായി ഉപയോഗപ്പെടുത്തുക. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാല്‍ ജാഗ്രതയോടെയായിരിക്കും നീക്കങ്ങള്‍.

ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ജയരാജനു കോടതിയെ സമീപിക്കാമെങ്കിലും ഉടന്‍തന്നെ അതിനു ശ്രമിക്കാനിടയില്ല. അതിനിടെ ജാമ്യം അനുവദിച്ച ജില്ലാസെഷന്‍സ് കോടതിയുടെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമായി ജയരാജനെ കേസില്‍ പ്രതിയാക്കി പീഢിപ്പിച്ചെന്ന വാദത്തിലൂന്നിയായിരിക്കും സിപിഎമ്മിന്റെ പ്രചാരണം.

കേരളത്തില്‍ കോണ്‍ഗ്രസും ആര്‍എസ്എസും കൂട്ടുകെട്ടിലാണെന്ന ആരോപണം സിപിഎം നേരത്തേ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഈ വിഷയം സംസ്ഥാനതലത്തിലും സിപിഎം പ്രചാരണായുധമാക്കും. അതേസമയം സിപിഎം അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന പ്രചാരണത്തിനു മൂര്‍ച്ചകൂട്ടാനുള്ള തയാറെടുപ്പിലാണു കോണ്‍ഗ്രസ് നേതൃത്വം. മനോജ് വധക്കേസ് കൂടാതെ ഷുക്കൂര്‍ വധക്കേസിലും പി. ജയരാജന്‍ പ്രതിയാണ്. ഈ കേസും സിബിഐ അന്വേഷണത്തിനു വിട്ടിരിക്കുകയാണ്. ബിജെപിയും സിപിഎമ്മിനെതിരേ വധക്കേസുകള്‍ ഉയര്‍ത്തി പ്രചാരണം നടത്തും.

Related posts