നാദാപുരം: യൂത്ത് ലീഗ് പ്രവര്ത്തകന് അസ്ലമിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായതായി സൂചന. കണ്ണൂര്‍ പാട്യം സ്വദേശിയായ യുവാവാണ് പിടിയിലായതെന്നറിയുന്നു. ഇന്നലെ പുലര്‍ച്ചെ സി.ഐ. ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയതത്രെ. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് പോലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്നാണ് അറിയുന്നത്.
മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്റെ പേരില്‍ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പരിപാടി കല്ലാച്ചിയില്‍ അക്രമത്തിലേക്ക് നീങ്ങിയിരുന്നു. നാദാപുരം,കുറ്റിയാടി,വളയം പോലീസ് സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ തുടരുകയാണ്. നിരവധി പേര് കല്ലാച്ചി മേഖലയില്‍ ആക്രമിക്കപ്പെട്ടിരുന്നു. മാത്രവുമല്ല ,കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷി സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി റിമാന്‍ഡില്‍കഴിയുന്ന കുണ്ടുതോട് കുഞ്ഞിപറമ്പത്ത് കെ.പി. രാജീവന്,വെള്ളൂര്‍ അമ്പലത്തുതാഴ ഷാജി എന്നിവരെ കൂടുതല്‍ അന്വേഷണത്തിന് വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഷാജിയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സര്‍ജറിക്ക് വിധേയനായ രാജീവന് നെഞ്ചു വേദനയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായതിനാല്‍ വിട്ടുനല്കിയിട്ടില്ല.