ആതുരശുശ്രൂഷാരംഗത്ത് കോര്‍പറേറ്റ് കള്‍ച്ചര്‍ വളരുന്നെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ALP-KURIAN-JOSEPHആലപ്പുഴ: ആതുരശുശ്രൂഷാരംഗത്ത് കോര്‍പറേറ്റ് കള്‍ച്ചര്‍ വളര്‍ന്നുവരുന്നുണ്ടെന്നും ഇതിനെ നന്നായി പ്രതിരോധിക്കാനാകണമെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ആലപ്പുഴ സഹൃദയ ആശുപത്രിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനു രോഗം ഉണ്ടാകുന്നതു സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ രോഗിയുടെ രോഗത്തിനാണ് ചികിത്സിക്കേണ്ടതും. രോഗിയുടെ പശ്ചാത്തലത്തിനനുസരിച്ചു ചികിത്സയുടെ സ്വഭാവം മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഖിപ്പിച്ചു ചികിത്സിക്കുകയല്ല മറിച്ച് ചികിത്സിച്ചു സുഖപ്പെടുത്തുകയാണ് വേണ്ടതെന്നും സഹൃദയ ആശുപത്രി ഈ രംഗത്ത് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡയാലിസിസ് രോഗികള്‍ക്കായുള്ള സഹൃദയ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. ആരോഗ്യമേഖലയില്‍ വന്‍ കുതിച്ചുചാട്ടം തന്നെ കേരളം നടത്തിയിട്ടുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങളടക്കം വര്‍ധിച്ചു വരുന്ന സാഹചര്യവും നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരന് പ്രാപ്യമല്ലാത്ത തലത്തിലേക്കു ചികിത്സാ ചെലവുകളും വര്‍ധിക്കുന്നു. ആരോഗ്യരംഗം തന്നെ കച്ചവടശാലയെന്ന തലത്തിലേക്കു മാറുന്നതിന്റെ പ്രത്യാഘാതങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ ക്രൈസ്തവ സമൂഹം നല്കിയ സംഭാവനകളെയും മന്ത്രി ശ്ലാഘിച്ചു.

ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സ്ഥലപരിമിതിയുടെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും അമ്പതുവര്‍ഷം കൊണ്ട് ആശുപത്രി ഏറെ വളര്‍ന്നതായും ജനസാമാന്യത്തിന് ഏറെ പ്രയോജനകരമാം വിധം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാല്‍ എംപി, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്,  അതിരൂപത വികാരിജനറാള്‍മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ. ഡോ. ജെയിംസ് പാലക്കല്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ഐ. ലത, വടക്കേമഹല്‍ ജൂമാമസ്ജിദ് ചീഫ് ഇമാം പിഎംഎസ്എ ആറ്റക്കോയ തങ്ങള്‍, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത്, യോഗക്ഷേമസഭ സംസ്ഥാനകമ്മിറ്റിയംഗം സി. നാരായണന്‍ നമ്പൂതിരി, ചീഫ് ഫിസിഷ്യന്‍ ഡോ. കെ.പി. ഹെഗ്‌ഡേ, തത്തംപള്ളി സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. മോര്‍ലി കൈതപ്പറമ്പില്‍, സഹൃദയ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് മാളിയേക്കല്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മൂലംകുന്നം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഡയബറ്റിക് ക്ലിനിക്കിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. ഗോള്‍ഡന്‍ ജൂബിലി സുവനീറും സഹൃദയ കലണ്ടറിന്റെ പ്രകാശനവും ചടങ്ങില്‍ നടത്തി. ആശുപത്രിയുടെ സ്ഥാപകരേയും സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികളേയും ചടങ്ങില്‍ അനുമോദിച്ചു.

Related posts