ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ഡിജിപി ഇടപെട്ടതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തു

Peedanamകാട്ടാക്കട: അഗസ്ത്യവനത്തില്‍ രക്ഷിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന 13 കാരിയെ പട്ടാപ്പകല്‍ വനത്തില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ കേസ് എടുക്കാനോ അന്വേഷണം നടത്താനോ തയ്യാറാകാതിരുന്ന നെയ്യാര്‍ഡാം പോലീസിന്റെ നടപടി വിവാദത്തിലേക്ക്. ഒടുവില്‍ ഡിജിപിക്ക് പരാതി എത്തിയപ്പോള്‍ പോലീസ് അന്വേഷണം തുടങ്ങുകയും ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.  ഓട്ടോ ഡ്രൈവര്‍ ഒളിവിലാണ്.

പോലീസിന് നല്‍കിയ മൊഴി ഇപ്രകാരം-കഴിഞ്ഞ 25നാണ് പീഡനം നടന്നത്. പെണ്‍കുട്ടി അച്ഛനും   ബന്ധുവിനുമൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ, വനത്തിലെ  കുത്തനെയുള്ള കയറ്റത്തില്‍ ഓട്ടോറിക്ഷ നിര്‍ത്തിയശേഷം  ഓട്ടോ കയറ്റത്തില്‍ തള്ളാന്‍ ഡ്രൈവര്‍ പറഞ്ഞു. ഓട്ടോ തള്ളാന്‍ ബന്ധുക്കള്‍  ഇറങ്ങിയിപ്പോള്‍ പെണ്‍കുട്ടിയുമായി പ്രതി ഓട്ടോറിക്ഷ ഓടിച്ചുപോയി. ബന്ധുക്കള്‍ പിറകേ ഓടി.

സംഭവം അറിഞ്ഞ് ആദിവാസികള്‍ രംഗത്തിറങ്ങി ഓട്ടോ തടഞ്ഞു വച്ചു. പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചപ്പോഴാണ് പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്. ഇതിനിടെ ഡ്രൈവര്‍  സ്ഥലം വിടുകയും ചെയ്തു.  സംഭവം നടന്നതായി നെയ്യാര്‍ഡാം സ്‌റ്റേഷനില്‍ വിവരം ലഭിച്ചിരുന്നെങ്കിലും പോലീസ് സംഭവം അന്വേഷിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ആദിവാസികള്‍ പരാതിപ്പെടുന്നു. ഇത് ഒതുക്കി തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്രെ. ഇതറിഞ്ഞ  പൊതുപ്രവര്‍ത്തക സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. പോലീസ് എത്തി മൊഴി എടുക്കുകയും കേസ് എടുക്കുകയും ചെയ്തു.

Related posts