പാലോട് : തെങ്കാശി-തിരുവനന്തപുരം അന്തര്‍സംസ്ഥാന പാതയില്‍ പ്രമുഖ ഇടത്താവളങ്ങളായ പാലോട്, നന്ദിയോട്,മടത്തറ എന്നിവിടങ്ങളില്‍ ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണപദാര്ഥാങ്ങളുടെ വില്പന തകൃതിയായതായി പരാതി.വൃത്തിഹീനമായ അന്തരീക്ഷത്തിലും നിരവധി തവണ ഉപയോഗിച്ച് വിഷമയമായി മാറിയ എണ്ണയിലും വറുത്തെടുക്കുന്ന പലഹാരങ്ങളാണ് ചില കടകളില്‍ വില്‍ക്കുന്നതെന്ന് ആക്ഷേപമുണ്ട്. വാഴയ്ക്കപ്പം,വട,ചിപ്സ്,പക്കാവട തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ പ്ലാസ്റ്റിക് ഉരുക്കിയൊഴിച്ച് തിളക്കം കൂട്ടുന്നതും കളര്‍ പൗഡറുകള്‍ ചേര്‍ക്കുന്നതും പതിവാണ്.ഇത്തരം പലഹാരങ്ങള്‍ സ്ഥിരമായി കഴിച്ച നിരവധി പേര് ഇതിനകം ആശുപത്രികളിലായി.കഴിഞ്ഞ ദിവസം പാലോട് ജംഗ്ഷനിലെ തട്ടുകടയില്‍ നിന്നും പലഹാരം കഴിച്ച തമിഴ്നാട് സംഘം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
തദ്ദേശസ്ഥാപനങ്ങളോ, ആരോഗ്യവകുപ്പോ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കാത്തതാണ് വിഷം മുക്കിയ പലഹാരങ്ങളുടെ വില്‍പ്പന വ്യാപകമാവാന്‍ കാരണം.ഡസന്‍ കണക്കിന് പലഹാര നിര്‍മാണ കേന്ദ്രങ്ങളാണ് ദൈനംദിനം മുളച്ചു പൊന്തുന്നത്.പലതിനും ലൈസന്‍സില്ല.വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും അനധികൃത കടകള്‍ ഭീഷണിയാണ്.എക്സ്പയറി ഡെറ്റോ, മാനുഫാക്ചറിംഗ് ഡെറ്റോ കമ്പനി പേരോ ഇല്ലാതെ എത്തുന്ന വിഭവങ്ങളുടെ വില്‍പ്പനയും അനധികൃത കടകളില്‍ പുരോഗമിക്കുന്നുണ്ട്.
ഒരു ഉപജീവന മാര്‍ഗമെന്ന നിലയില്‍ സ്വന്തം വീടുകളില്‍ ഉല്‍പ്പാദിപ്പിച്ച് കടകളില്‍ എത്തിച്ച് വില്‍പ്പന തുടങ്ങിയവരാണ് കച്ചവടക്കാരില്‍ പലരും.ലാഭക്കൊതി മൂത്തതോടെയാണ് മായം കലര്‍ത്തി തുടങ്ങിയത്.ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നിയമപാലകരും ഇതിനു നേരെ കണ്ണടയ്ക്കുകയാണ്.നിരവധി പരാതികള്‍ നല്‍കിയിട്ടും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ കണികാണാനില്ല.പടി കിട്ടുന്നതിനാലാണ് അനധികൃത പലഹാരക്കടകളില്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ടവര്‍ കൂട്ടാക്കാത്തതെന്നാണ് പരാതി.ഇത്തരം കടകള്‍ നിയന്ത്രിക്കുന്നതിന് ശക്തമായ രീതിയില്‍ ഇടപെടലുകള്‍ നടത്തണമെന്നും അനാരോഗ്യകരമെന്ന് കണ്ടാല്‍ അടച്ചുപൂട്ടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും നിവേദനം നല്‍കിയതായി ഉപഭോക്തൃ ഫോറം താലൂക്ക് പ്രസിഡന്റ് അറിയിച്ചു.