കടുത്തുരുത്തി: വീട്ടമ്മയുടെയും പേരക്കുട്ടിയുടെയും അമേരിക്കന്‍യാത്ര എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയുടെ പിടിവാശിയെ തുടര്‍ന്ന് മുടങ്ങിയതായി പരാതി. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ഏറേ ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്ന കുടുംബം ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്. കാപ്പുന്തല മഠത്തിക്കുന്നേല്‍ ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മയ്ക്കും മകളുടെ മകള്‍ ആല്‍വിനയ്ക്കുമാണ് അമേരിക്കന്‍യാത്ര തടസപ്പെട്ടത്.
അമേരിക്കന്‍ പൗരത്വമുള്ള ആല്‍വിനയെ ന്യൂജഴ്‌സിയിലുള്ള മകളുടെ അടുത്താക്കുന്നതിനാണ് കഴിഞ്ഞ ആറിന് ഇരുവരും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും കുവൈറ്റ് എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റെടുത്തത്. എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി യാത്ര ആരംഭിക്കാന്‍ തയാറെടുക്കുമ്പോളാണ് വനിതാ ഉദ്യോഗസ്ഥ കുട്ടിയുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച ശേഷം രണ്ട് വര്‍ഷമായി നാട്ടിലുള്ള കുട്ടിക്ക് രജിസ്‌ട്രേഷന്‍ എടുക്കാത്തതിനാല്‍ യാത്ര ചെയ്യാനാവില്ലെന്ന് പറഞ്ഞ് ഇരുവരുടെയും യാത്ര മുടക്കിയത്.
പരിശോധനകളെല്ലാം പൂര്‍ത്തിയായതാണെന്നു പറഞ്ഞിട്ടും ഇത്തരമൊരു രജിസ്‌ട്രേഷന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കിയിട്ടും ഇവര്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നും അന്നമ്മ പറയുന്നു. പിന്നീട് ഈ ആവശ്യത്തിനായി കോട്ടയത്ത് എസ്പി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, പതിനാറ് വയസിന് താഴെയുള്ളവര്‍ക്ക് ഇത്തരം രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും ഉദ്യോഗസ്ഥയുടെ അറിവില്ലായ്മയാണ് ഇങ്ങനെ പറയാന്‍ കാരണമെന്നും ഓഫീസില്‍ നിന്നും അറിയിച്ചതായും അന്നമ്മ പറയുന്നു.
തുടര്‍ന്ന് പതിനാറ് വയസിന് താഴെയുള്ളവര്‍ക്ക് ഇത്തരം രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നുള്ള റിപ്പോര്‍ട്ട് ഓഫീസില്‍ നിന്നും നല്‍കി. പിന്നീട് കഴിഞ്ഞ 11 നാണ് ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ചു ഇരുവരും അമേരിക്കയ്ക്ക് പോയത്. ഇത്തരത്തില്‍ യാത്ര മുടങ്ങിയതിനാല്‍ സാമ്പത്തിക നഷ്ടവും മനഃക്ലേശവും ഉണ്ടായതായും ഇതിന് കാരണക്കാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കുമെന്നും നാട്ടിലുള്ള ജോര്‍ജ് കുര്യന്‍ പറഞ്ഞു.