ഇടതു തരംഗത്തില്‍ കോട്ടയം കുലുങ്ങിയില്ല; പൂഞ്ഞാര്‍ ഒഴികെ ബാക്കിയെല്ലായിടത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം

ALP-THIRUVANCHOOR-RADHAKRISKTM-SURESH-KURUPPUtvm-ummanchandyകോട്ടയം: ഇടതു തരംഗത്തില്‍ കോട്ടയം കുലുങ്ങിയില്ല. ഇടതു കൊടുങ്കാറ്റില്‍ കോട്ടയത്തെ യുഡിഎഫ് മുന്‍തൂക്കപ്രദേശങ്ങളില്‍ നേരിയ ചലനം പോലും സംഭവിച്ചതുമില്ല. യുഡിഎഫിനു അഭിമാനകരമായ നേട്ടമാണ് കോട്ടയത്തുള്ളത്. യുഡിഎഫ് നിരവധി പ്രതിസന്ധികളെയാണു ജില്ലയില്‍ നേരിട്ടത്. റബര്‍ വിലയിടിവ്, സാമ്പത്തിക പ്രതിസന്ധി, സോളാര്‍, ബാര്‍കോഴ തുടങ്ങിവയായിരുന്നു വെല്ലുവിളികള്‍.  ഉമ്മന്‍ ചാണ്ടി, കെ.എം. മാണി ഉള്‍പ്പെടെയുള്ള നേതാക്കളെ ചെറുക്കാന്‍ എതിര്‍ചേരി ദേശീയ സംസ്ഥാന നേതാക്കളെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണരംഗത്തിറക്കി. തകര്‍പ്പന്‍ ത്രികോണ പ്രചാരണത്തിനുശേഷം വിധിയെഴുത്തു പുറത്തായപ്പോള്‍ യുഡിഎഫിന് കാര്യമായ നഷ്ടമുണ്ടായില്ല.

വോട്ടിലും ഭൂരിപക്ഷത്തിലും വ്യത്യാസമുണ്ടായതല്ലാതെ പൂഞ്ഞാര്‍ ഒഴികെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണ് ജില്ലയില്‍ സംഭവിച്ചത്. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പാലായില്‍ കെ.എം. മാണിയും മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ചു.എതിര്‍സ്ഥാനാര്‍ഥിക്കു ലഭിച്ച വോട്ടിനെക്കാള്‍ കൂടുതലാണു മോന്‍സിനു ലഭിച്ച ഭൂരിപക്ഷം. 42256 വോട്ടിന്റെ മേല്‍ക്കൈ. ഇത് ഇത്തവണ സംസ്ഥാനത്തു ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ഭൂരിപക്ഷമാണ്. എതിര്‍സ്ഥാനാര്‍ഥിയായ സ്കറിയ തോമസിന് 31537 വോട്ടാണ് ഇവിടെ ലഭിച്ചത്.

മോന്‍സ് കഴിഞ്ഞാല്‍ ഭൂരിപക്ഷത്തില്‍ മുന്നില്‍ കോട്ടയത്തെ തിരുവഞ്ചുര്‍ രാധാകൃഷ്ണനാണ്. 33632 വോട്ടിന്റെ ഭൂരിപക്ഷം. ഉമ്മന്‍ചാണ്ടിയുടെയും കെ.എം. മാണിയുടെയും ഭൂരിപക്ഷത്തില്‍ നേരിയ കുറവുണ്ടായത് യുഡിഎഫ് കേന്ദ്രങ്ങളെ നിരാശരാക്കി. പുതുപ്പള്ളിയില്‍ 30000 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കോണ്‍ഗ്രസ് ക്യാമ്പുകളുടെ കണക്കുകൂട്ടല്‍.എല്‍ഡിഎഫ് വൈക്കം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ വിജയം ആവര്‍ത്തിച്ചു. വിജയിച്ച രണ്ട് മണ്ഡലങ്ങളിലും ഭൂരിപക്ഷത്തില്‍ വലിയ വര്‍ധനവുണ്ടാക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു. വൈക്കത്ത് 10568 വോട്ടിനായിരുന്നു കെ. അജിത്ത് കഴിഞ്ഞതവണ ജയിച്ചതെങ്കില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ. ആശ വിജയിച്ചത് ഇരട്ടിയിലും ഏറെ വോട്ടുകള്‍ക്കാണ്. 24548 വോട്ടുകളാണ് ആശയുടെ ഭൂരിപക്ഷം.

ഏറ്റുമാനൂരിലെ ഇടത് സ്ഥാനാര്‍ഥി തന്റെ ഭൂരിപക്ഷം നാലിരട്ടിയിലേറെ ആക്കിയാണ് ഇത്തവണ വിജയം നേടിയത്. 8899 വോട്ടാണ് സുരേഷ് കുറുപ്പിന്റെ ലീഡ്. കഴിഞ്ഞതവണ ഇത് 1811 വോട്ടായിരുന്നു.    കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിനായി. യുഡിഎഫ് മണ്ഡലം എന്നറിയപ്പെടുന്ന ഈ രണ്ടു മണ്ഡലങ്ങളിലും നിസാരവോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. കാഞ്ഞിരപ്പള്ളിയില്‍ 3890 വോട്ടിനും ചങ്ങനാശേരിയില്‍ 1848 വോട്ടിനുമാണു യുഡിഎഫ് വിജയിച്ചത്. പാലായില്‍ കഴിഞ്ഞതവണ 5259 വോട്ടിനായിരുന്നു കെ.എം. മാണി വിജയിച്ചത്. ഇത്തവണ ഇത് 4703 ആയി കുറഞ്ഞു. ആദ്യഘട്ടത്തില്‍ പല ബൂത്തുകളിലും വോട്ടെണ്ണിയപ്പോള്‍ കെ.എം. മാണി വളരെയേറെ വോട്ടിന് പിന്നില്‍ പോയിരുന്നു.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് ഭൂരിപക്ഷത്തില്‍ കുറവുണ്ടായി. 33255 വോട്ടില്‍നിന്നും ഭൂരിപക്ഷം 27092 ലേക്കു കുറഞ്ഞു. പൂഞ്ഞാറിലും കടുത്തുരുത്തിയിലും ഏറ്റ പരാജയം വലിയ തിരിച്ചടിയായി ഇടതുപക്ഷം കണക്കുകൂട്ടുന്നു. ഇത് വരുംദിവസങ്ങളില്‍ സിപിഎമ്മിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും വഴിതെളിക്കും. പൂഞ്ഞാറിലെ പി.സി. ജോര്‍ജിന്റെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയം ഇടതു വലതു ബിജെപി മുന്നണികളെ ഞെട്ടിച്ചു.

Related posts