പത്തനാപുരം: പാതിരിയ്ക്കല്‍ ഇടത്തറയില്‍ മോഷണം. രണ്ടര ലക്ഷത്തോളം രൂപ അപഹരിച്ചു. പാതിരിയ്ക്കല്‍ പാണച്ചിറയില് തോട്ടത്തില്‍ കാലായില്‍ നൗഷാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് മോഷണവിവരം അറിയുന്നത്. നൗഷാദും കുടുംബവും കൊല്ലത്ത് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.രാത്രി ഒന്‍പതോടെ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പള്ളിമുക്കിലെ വ്യാപാര സ്ഥാപനത്തിലെ പണവുമായി ജീവനക്കാരനെത്തിയപ്പോള്‍ കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.എന്നാല്‍ വീട്ടിനുള്ളില്‍ ആളില്ലെന്ന് മനസിലായതോടെ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
നൗഷാദിന്റെ സഹോദരിയും മറ്റും നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ അപഹരിക്കപ്പെട്ടുവെന്നാണ് പരാതി.എന്നാല്‍ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടിട്ടുമില്ല. നൗഷാദിന്റെ സഹോദരി സമീപവാസിയായ ഷൈനിയുടെ വീട്ടിലും ഇതിനിടെ മോഷണശ്രമം നടന്നു.ഇവരുടെ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.ഇരുട്ടിലൂടെ ആരോ ഓടിമറയുന്നത് കണ്ടതായും ഇവര്‍ പറയുന്നു.
പത്തനാപുരം സിഐ സ്റ്റുവര്‍ട്ട് കീലര്‍,എസ്ഐ രാഹുല്‍ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പൂട്ടു തകര്‍ക്കുകയോ മറ്റോ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വീട്ടിലുള്ളവരെയുള്പ്പെടെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.