ഏറ്റുമാനൂര്‍: രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ഈ കൂരയില്‍ കഴിയുന്ന രജനിക്ക് ഭീതിയൊഴിഞ്ഞ നേരമില്ല. അടുത്തകാലത്ത് സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും ഉയരുന്ന വാര്‍ത്തകള്‍ക്കൊപ്പം തങ്ങളുടെ ജീവിതസാഹചര്യം കൂട്ടിച്ചേര്‍ത്തു ചിന്തിക്കുന്ന രജനിയുടെ ഭീതിക്ക് അടിസ്ഥാനമുണ്ടുതാനും. ഇഷ്ടദാനമായി അമ്മ എഴുതിക്കൊടുത്ത, ഇനിയും പോക്കുവരവ് ചെയ്തിട്ടില്ലാത്ത അഞ്ചുസെന്റ് സ്ഥലത്ത് നാലു തൂണുകള്‍ നാട്ടി അതിനു മുകളിലും വശങ്ങളിലും പഴയ ടാര്‍പോളിനും പ്ലാസ്റ്റിക് ഷീറ്റുകളും വലിച്ചുകെട്ടിയതാണ് ഇവരുടെ വീട്. ഇതിനെ വീടെന്നു വിളിക്കാനാവില്ല. വാതില്‍പോലുമില്ലാത്ത ഈ വീട്ടില്‍ രജനിക്കും ഭര്‍ത്താവ് സാബുവിനുമൊപ്പം രണ്ട് പെണ്‍മക്കളാണുള്ളത്. വെട്ടിമുകള്‍ സിഎസ്‌ഐ പള്ളിക്കു സമീപമാണ് ഇവര്‍ താമസിക്കുന്നത്.
രോഗികളാണ് രജനിയും ഭര്‍ത്താവ് സാബുവും 15-ാം വയസില്‍ പ്രമേഹരോഗം ബാധിച്ച രജനി ഇപ്പോള്‍ വൃക്കരോഗിയുമാണ്. കോട്ടയം മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്. നേരത്തേ ചെയ്തിരുന്ന കൂലിപ്പണിക്ക് പോകാനാകുന്നുമില്ല. കരിങ്കല്‍ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് സാബു വീഴ്ചയെത്തുടര്‍ന്ന് നെഞ്ചിനു രോഗം ബാധിച്ച നിലയിലും. കാര്യമായ ജോലിയൊന്നും ചെയ്യാനാകുന്നില്ല.മൂന്നു പെണ്‍മക്കളാണിവര്‍ക്ക്. മൂത്ത മകള്‍ അഖിലയെ വിവാഹംചെയ്ത് അയച്ചു.
അനഘയും അക്ഷയയും ഇളയവര്‍. അനഘ ഏഴിലും അക്ഷയ അഞ്ചിലും പഠിക്കുന്നു. ഇരുവരും അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍. അടച്ചുറപ്പിലാത്ത വീട്ടില്‍ പ്രായപൂര്‍ത്തിയായിവരുന്ന രണ്ടു പെണ്‍കുട്ടികളുമായി ജീവിക്കുന്നതിന്റെ ആശങ്കയിലും ആകുലതയിലുമാണ് ഈ കുടുംബം.
സ്വന്തമായി അടച്ചുറപ്പുള്ള ചെറിയൊരു വീടുണ്ടാക്കുകയെന്നത് ഇവരുടെ സ്വപ്‌നമാണ്. അതവര്‍ക്ക് അത്യാവശ്യവുമാണ്. പക്ഷേ അവര്‍ക്ക് അതിനാകുന്നില്ല. മുനിസിപ്പാലിറ്റിയോ സര്‍ക്കാരോ കനിഞ്ഞാലേ, ജനപ്രതിനിധികളുടെ നോട്ടം ഇവിടേക്ക് പതിഞ്ഞാലേ അതു നടക്കൂ. അല്ലെങ്കില്‍ സുമനസുകള്‍ മനസുവയ്ക്കണം.
അടുത്തകാലത്ത് ചാനല്‍ചര്‍ച്ചകളില്‍ കേട്ട് പുതുമ നഷ്ടപ്പെട്ട അക്കാര്യം – ജിഷമാരുണ്ടായിക്കഴിഞ്ഞ് ചര്‍ച്ചചെയ്യപ്പെടും മുന്‍പേ മറ്റൊരു ജിഷ ഉണ്ടാകാതെ നോക്കണം – ഓര്‍ക്കാന്‍ കടപ്പെട്ടവരാണ് ഈ കഥ വായിക്കുന്നവരെല്ലാം. അക്കാര്യം നമുക്ക് മറക്കാതിരിക്കാം.