ആലപ്പുഴ: കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്നു യുവാക്കളെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റു ചെയ്തു. ചമ്പക്കുളം ചെമ്പുംപുറം സരിത ഭവനത്തില്‍ സനല്‍(29), ഇയാളുടെ സഹോദരന് സനീഷ്(23), നെടുമുടി മൂന്നുതൈക്കല്‍ വീട്ടില്‍ വിഷ്ണു(29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പണ്ടാരക്കുളം ഭാഗത്തുവെച്ചു ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ഇവരെ പിടികൂടിയത്. എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ വരികയായിരുന്ന ഇവരുടെ കൈയില്‍നിന്നും 300 പൊതി കഞ്ചാവും കണെ്ടടുത്തു.
ആകെ ഒന്നരക്കിലോ കഞ്ചാവാണ് ഇവരില്‍നിന്നും കണെ്ടടുത്തത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് എന്ന വ്യാജേന നഗരത്തിലെ പ്രമുഖ വിദ്യാലയത്തിനുസമീപം മയക്കുമരുന്നു വില്പന നടത്തിയ പുന്നമട സ്വദേശി ബിനോയിയെ എക്സൈസ് സംഘം കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് സനലിന്റെ നേതൃത്വത്തിലാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഈ കഞ്ചാവ് അഞ്ചുഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കിയായിരുന്നു വില്പന. പായ്ക്കറ്റ് ഒന്നിന് 500 രൂപയ്ക്കു വില്പന നടത്തുകയായിരുന്നു പതിവ്.
രഹസ്യകോഡ് ഉപയോഗിച്ചായിരുന്നു വില്പന. കഞ്ചാവിനായി ഫോണില്‍ ബന്ധപ്പെടുന്നവരോട് ഇവര്‍ കോഡ് ചോദിക്കും. ടോണി പറഞ്ഞിട്ട് വിളിക്കുകയാണെന്ന് മറുപടി നല്‍കുന്നവര്‍ക്കു കഞ്ചാവ് എത്തിച്ചു നല്‍കും. ബൈക്കില്‍ കറങ്ങി നടന്നായിരുന്നു ഇവരുടെ കഞ്ചാവ് വില്പനയെന്നും എക്സൈസ് അന്വേഷണത്തില്‍ വ്യക്തമാക്കി. വധശ്രമം അടക്കമുളള കേസുകളില്‍ പ്രതിയാണ് സനല്‍. മറ്റ് രണ്ടു പ്രതികളും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ നേരത്തെ പിടിയിലായിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സിഐ എസ്. രാജന്‍ബാബു, പ്രിവന്റീവ് ഓഫീസര്‍ പ്രിയലാല്‍, ഗിരീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റെനി, അനിലാല്‍, വിപിന്‍, റഹിം, വിജയകുമാര്‍, സുഭാഷ് എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.