പ്രദീപ് ഗോപി
വിശ്വസാഹിത്യകാരനായ തകഴിയുടെ പ്രിയഭാര്യ കാത്തയുടെ ഓര്‍മക്കുറിപ്പുകള്‍ സിനിമയാകുന്നു. തകഴിയുടെ കാത്ത എന്നു പേരിട്ട ഈ ചിത്രത്തില്‍ കാത്തയായി വേഷമിടുന്നത് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്രതിഭാ ഹരി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പ്രതിഭ ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വക്കീല്‍ കുപ്പായമിട്ടു പഴയ ജോലിയിലേക്കു കൂടി മടങ്ങിയതിനു പിന്നാലെയാണ് വെള്ളിത്തിരയിലേക്കുള്ള ഈ ചുവടുവയ്പും. അമ്പലപ്പുഴ ബാറിലെ അഭിഭാഷകയാണ് പ്രതിഭ ഇപ്പോള്‍. ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതിന്റെ പിന്‍ബലത്തോടെയാണ് പ്രതിഭ ബിഗ് സ്കീനിലേക്കു കടന്നു വരുന്നത്.
തകഴി ഗ്രാമപഞ്ചായത്തില്‍ 2000-ല്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി യായായിരുന്നു കന്നിയങ്കം. തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ അന്ന് പ്രായം വെറും 22 മാത്രം. അടുത്ത ടേമിലും വിജയമാവര്ത്തിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റായി. 2010ല്‍ ജില്ലാപഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അന്നു പ്രായം 32. പ്രസിഡന്റ് സ്ഥാനം സ്ത്രീസം വരണമായതോടെ ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ അമരക്കാരിയുമായി. ഇപ്പോള്‍ സിപിഐ (എം) തകഴി ഏരിയാ കമ്മിറ്റിയം ഗവും ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയം ഗവുമാണിപ്പോള്‍. ഇലപ്പച്ച ക്രിയേഷന്‍സിനുവേണ്ടി അഡ്വ. ഗണേഷ് കുമാര്‍ നിര്‍മിക്കുന്ന തകഴിയുടെ കാത്ത എന്‍.എന്‍. ബൈജു ആണ് സംവിധാനം ചെയ്യുന്നത്. വിശ്വ സാഹിത്യകാരനായ തകഴിയുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ കൃതികളേയും ഏറെ സ്വാധീനിച്ച വ്യക്തിയാണ് കാത്ത.
തകഴിയുടെ മരണശേഷം തകഴിയുടെ ഭവനം ഗവണ്മെന്റ് ഏറ്റെടുത്തു. അപ്പോഴും കാത്ത ഒരു രൂപാ മാസവാടകക്കാരിയായി ശങ്കരമംഗലത്ത് തന്നെ താമ സിച്ചു. മക്കള്‍ സ്നേഹപൂര്‍വം നിര്‍ബ ന്ധിച്ചിട്ടും തകഴി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ തന്നെ കാത്ത ജീവിച്ചു. ആ ഏകാന്ത ജീവിതത്തില്‍ തകഴിയെക്കുറിച്ചുള്ള ഓര്‍മകള്‍ കാത്തയെ മുന്നോട്ടു നയിച്ചു. ഈ ഓര്‍മകളാണ് തകഴിയുടെ കാത്ത എന്ന ചിത്രത്തില്‍ കടന്നു വരുന്നത്. കാത്തയുടെ ഓര്‍മകളിലൂടെ മലയാളത്തിലെ പ്രഗല്ഭരായ സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ നേതാക്കന്മാരുടെ ജീവിതവും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. വയലാര്‍, കേശവദേവ്, ജോസഫ് മുണ്ടശേരി, പൊന്‍കുന്നം വര്‍ക്കി, എം.പി. പോള്‍, കാരൂര്‍ നീകണ്ഠപിള്ള, സി.ജെ. തോമസ്, ഡി.സി. കിഴക്കേമുറി, എന്‍. ശ്രീകണ്ഠന് നായര്‍ എന്നീ ചരിത്രപരുഷന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തും.
കേരളത്തിന്റെ സാഹിത്യ രാഷ്ട്രീയ-സാംസ്കാരിക ചരിത്രം കൂടി ഇതുവഴി ചിത്രം ചര്‍ച്ചചെയ്യും. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പി. ജയപ്രകാശ് ആണ് തകഴിയായി അഭിനയിക്കുന്നത്. തകഴിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ചിത്രത്തിലെ നായിക പ്രതിഭാ ഹരി തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
ഹ്രസ്വചിത്രത്തിലൂടെ തുടക്കം
ദ ന്യൂസ് പേപ്പര്‍ ബോയ് എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. ഒരു പത്രവിതരണക്കാരന്റെ ജീവിതവും സ്ത്രീ ശാക്തീകരണവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. കുള്ളനായ പത്രവിതരണക്കാരന്റെ ഭാര്യയുടെയും കഥയാണ് ചിത്രം പറഞ്ഞത്. അതില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തന്നെയാണ് ഞാന്‍ അഭിനയിച്ചത്. വളരെ നല്ലൊരു വിഷയമായിരുന്നു ഈ ചെറുസിനിമ ചര്‍ച്ച ചെയ്തത്. ഇതിലെ അഭിനയത്തിന് പത്മരാജന് സ്പെഷല്‍ ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പെടുത്ത ഈ ഹ്രസ്വചിത്രത്തിന് യു ട്യൂബില്‍ ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
തകഴിയുടെ കാത്ത
എന്റെ സ്വന്തം നാട്ടുകാരിയായിരുന്നു കാത്തച്ചേച്ചി. എന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം മാത്രമേ കാത്തമ്മയുടെ വീട്ടിലേക്കുള്ളു. പഞ്ചായത്ത് പ്രസിഡന്റായിക്കെ മിക്കവാറും ഞാന്‍ ആ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഏപ്രില്‍ പത്തു മുതല്‍ 17 വരെയാണ് തകഴിച്ചേട്ടന്റെ അനുസ്മരണം നടക്കുന്നത്. ആ സമയത്ത് ഞാന്‍ എപ്പോഴും അവിടെ തന്നെ ഉണ്ടാകുമായിരുന്നു. അതുകൊണ്ടു തന്നെ കാത്തമ്മയുമായി നല്ല അടുപ്പമാണു ണ്ടായിരുന്നത്. അങ്ങനെ അടുപ്പമുള്ള ഒരാളുടെ വേഷം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെയ ധികം സന്തോഷം തോന്നി.
രാഷ്ട്രീയത്തില്‍ നിന്നു ചുവടുമാറ്റമില്ല
രാഷ്ട്രീയത്തില്‍ നിന്നു സിനിമയിലേക്കൊരു ചുവടുമാറ്റമില്ല. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി നിന്നുകൊണ്ടാണു സിനിമയില്‍ അഭിനയിക്കുന്നത്. കാത്തമ്മയെ പോലൊരു കഥാപാത്രം ലഭിച്ചതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്. ഇത്തരത്തിലുള്ള നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഇനിയും അഭിനയിക്കും. പൊതുപ്രവര്‍ത്തനം വളരെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. രാഷ്ട്രീയപ്രവര് ത്തനത്തേക്കാള് മികച്ചതാണ് സിനിമാരംഗം എന്നു ഞാന്‍ കരുതുന്നില്ല.
അഭിനയത്തിലെ മുന്‍പരിചയം
അഭിനയരംഗത്ത് കാര്യമായ ഒരു മുന്‍പരിചയവുമുണ്ടായിരുന്നില്ല. ദ ന്യൂസ് പേപ്പര്‍ ബോയ് എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരുന്നു എന്നതു മാത്രമാണ് ഏക മുന്‍പരിചയം. കാത്തമ്മയുടെ യൗവനകാലമാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് അറിയാവുന്നത് പ്രായമായ കാത്തമ്മയെ മാത്രമാണ്. അതുകൊണ്ട് കാത്തമ്മയുടെ ചെറുപ്പകാലത്തെ ക്കുറിച്ചൊക്കെ അടുത്തുള്ള പ്രായമുള്ളവരോടു ചോദിച്ചറിഞ്ഞ ശേഷമാണ് അഭിനയം തുട ങ്ങിയത്.
കാമറയ്ക്കു മുന്നില്‍
കോളജില്‍ പഠിക്കുമ്പോള്‍ കഥാപ്രസംഗമൊ ക്കെ പറയുമായിരുന്നു. പിന്നീട് പൊതുപ്രവര്‍ത്തന രംഗത്തു സജീവമായി. അതിനാല്‍ ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയപ്പോള്‍ പേടിയൊന്നും തോന്നിയില്ല. പൊതുപ്രവര്‍ത്തനം നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതുകൊണ്ട് പെണ്‍കുട്ടികള്‍ കൂടുതലായി പൊതുപ്രവര്‍ത്തന രംഗത്തേക്കു വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പെണ്‍കുട്ടികള്‍ക്ക് അതുവഴി ധൈര്യമുള്ളവരായി മാറാനാകും. ഞാനൊരു വക്കീല്‍ മാത്രമായിരുന്നെങ്കില്‍ ഈയൊരു ധൈര്യമൊന്നും ഒരുപക്ഷേ എനിക്കു ലഭിക്കുമായിരുന്നില്ലെന്നാണു തോന്നുന്നത്.
കാത്തമ്മയുടെ ഛായ
കാത്തമ്മ മുന്നൂ വര്‍ഷം മുമ്പു വരെ നമുക്കൊപ്പമുണ്ടായിരുന്നു. കാത്തമ്മയുടെ സ്വന്തം വീടിനകത്തു വച്ചും സിനിമ ചിത്രീകരിച്ചിരുന്നു. ആ വീട്ടില്‍ കാത്തയായി അഭിനയിക്കാന്‍ പറ്റിയത് ഭാഗ്യമായി കരുതുന്നു. ശരിക്കും തകഴിച്ചേട്ടന്റെ ശക്തി കാത്തമ്മയായിരുന്നു. ആ വേഷം ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ആദ്യം നല്ല ടെന്‍ഷനായിരുന്നു. എന്നാല്‍ സംവിധായകന് ബൈജു വലിയ ആത്മവിശ്വാസത്തിലായിരുന്നു. എനിക്ക് കാത്തമ്മയുടെ ഛായ ഉണ്ടെന്നൊക്കെ അദ്ദേഹം പറഞ്ഞു. എന്റെയും കാത്തമ്മയുടെയും ഫോട്ടോകള്‍ വച്ചു നോക്കിയപ്പോള്‍ നല്ല രൂപസാദൃശ്യം ഉണ്ടെന്നു തോന്നിയതിനാലാണ് എന്നെ ഈ വേഷം ചെയ്യാന്‍ വിളിച്ചതെന്നാണ് സംവിധായകന് പറഞ്ഞത്. എനിക്കപ്പോള്‍ വലിയ അഭിമാനവും സന്തോഷവും ഒക്കെ തോന്നി. പിന്നെ ഞാന്‍ ആ നാട്ടുകാരി കൂടിയാണല്ലോ. സിനിമയുടെ വിജയപരാജയം തീരുമാനിക്കുന്നത് പ്രേക്ഷ കരാണ്. പൊതുപ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വിലയി രുത്താന്‍ താമസമെ ടുക്കും. എന്നാല്‍ സിനിമയില്‍ ഒരാളുടെ പ്രകടനം വിലയിരുത്താന്‍ നിമിഷ ങ്ങള് മാത്രം മതി.
തകഴിയുടെ കാത്തേ… എന്ന വിളി
കാത്തേ… എന്ന തകഴിച്ചേട്ടന്റെ ആ വിളി വളരെ പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ യഥാര്‍ഥത്തിലുള്ള വിളി ഈ സിനിമയിലുണ്ട്. നേരത്തെ റിക്കാര്‍ഡ് ചെയ്തു വച്ചിരുന്ന തകഴിച്ചേട്ടന്റെ സ്നേഹത്തോടെയുള്ള വിളി തന്നെയാണ് ഈ സിനിമയില്‍ ഉപയോഗിക്കുന്നത്. അതൊക്കെ കേട്ടപ്പോള്‍ വളരെയേറെ സന്തോഷമാണ് തോന്നുന്നത്. കാത്തമ്മയ്ക്ക് ശബ്ദം നല്‍കുന്നത് തകഴിച്ചേട്ടന്റെയും കാത്തയുടെയും ചെറുമകളായ ഐമദിനകര് ആണ്. വിദേശത്തുള്ള ആ കുട്ടി ഈ സിനിമയ്ക്കു ശബ്ദം നല്‍കാനായി മാത്രം നാട്ടിലെത്തിയിരുന്നു.
ന്യൂജനറേഷന് സിനിമകള്‍
ന്യൂജനറേഷന് സിനിമകള്‍ നമ്മുടെ മൊബൈല്‍ ഫോണുകളിലേക്കു വരുന്ന മെസേജുകള്‍ പോലെയാണ്. അതു വായിച്ച ശേഷം അപ്പപ്പോള്‍ നാം മായ്ച്ചുകളയും. പല സിനിമകളും കണ്ടുകഴിഞ്ഞിറങ്ങുമ്പോള്‍ മനസില്‍ ശൂന്യത മാത്രമാണ്. പുതിയ സിനിമകളെ തള്ളിപ്പറയുകയല്ല. പഴയ സിനിമകളും പാട്ടുകളും മനസില്‍ എന്നും തങ്ങിനില്ക്കുന്നവയാണ്. ഇന്ന് അത്തരം സിനിമകളും ഗാനങ്ങളും കുറവാണ്.
കുടുബം
ഭര്‍ത്താവ് കെ.ആര്. ഹരി തിരുവനന്തപുരത്ത് കണിയാപുരത്ത് കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. മകന് കനിവ് ആറാം ക്ലാസില്‍ പഠിക്കുന്നു.