എതിര്‍പ്പുമായി പ്രദേശവാസികള്‍; ‘ശുഭരാത്രി”പാളുമോ?

kkd-shubharathriവടകര: തെരുവോരങ്ങളിലും റെയില്‍വെ സ്‌റ്റേഷനുകളിലും ഭയപ്പാടോടെ കിടന്നുറങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മയില്‍ വടകരയില്‍ ഒരുങ്ങുന്ന ‘ശുഭരാത്രി’ പദ്ധതി പാളുമോ എന്ന ആശങ്ക ഉയര്‍ന്നു. ഇവര്‍ക്കായി സംരക്ഷണം ഒരുക്കുന്നതിനു കണ്ടെത്തിയ സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിലകൊള്ളുന്ന വലിയവളപ്പുകാരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. സ്വസ്തമായി കിടന്നുറങ്ങുന്ന തങ്ങളുടെ ഉറക്കംകെടുത്തുന്ന നടപടിയാണിതെന്നും സൈക്ലോണ്‍ ഷെല്‍ട്ടറില്‍ ഇത്തരം ഏര്‍പ്പാട് അംഗീകരിക്കില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് യൂത്ത്‌ലീഗ് വലിയവളപ്പുശാഖാ കമ്മിറ്റി മുന്നറിയിപ്പു നല്‍കി. ഇതു ചൂണ്ടിക്കാട്ടി യൂത്ത്‌ലീഗിന്റെ പേരില്‍ മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചുകഴിഞ്ഞു. യൂഡിഎഫ് കൗണ്‍സില്‍പാര്‍ട്ടി യോഗത്തില്‍ ലീഗ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ഇതിനെ ചോദ്യം ചെയ്തു. ഒരു കാരണവശാലും ഇത് ഇവിടെ അനുവദിക്കില്ലെന്ന് ലീഗ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. പോലീസ്, നഗരസഭ, തണല്‍ എന്നിവ ചേര്‍ന്നാണ് തെരുവുകളില്‍ കഴിയുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്ന പദ്ധതിയായ ശുഭരാത്രി നടപ്പാക്കുന്നത്.

സാധാരണക്കാര്‍ വീടുകളില്‍ സുരക്ഷിതമായി കഴിയുമ്പോള്‍ തെരുവിലുറങ്ങുന്ന സ്ത്രീകളും കുട്ടികളും രാത്രിയുടെ മറവില്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് ശുഭരാത്രിയുടെ പിറവി. ഇതിന്റെ വിജയത്തിനു സേവന തല്‍പരരായ യുവതീ-യുവാക്കളുടെ വളണ്ടിയര്‍ ഗ്രൂപ്പ് രൂപീകരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ 150 പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. രാത്രി ഏഴ് മുതല്‍ ഒമ്പതു വരെ പോലീസ് വാഹനവും ആംബുലന്‍സും ഉപയോഗിച്ച് തെരുവില്‍ കിടന്നുറങ്ങുന്ന സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുക.

പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ വടകരയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇവരെ താമസിപ്പിക്കേണ്ട സുരക്ഷിത കേന്ദ്രം ഒരുക്കുന്നതിന്റെ ചുമതല നഗരസഭക്കും ഭക്ഷണം നല്‍കുന്നത് തണലുമാണ്. മറ്റു സഹായങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. കേന്ദ്രത്തില്‍ എത്തിച്ചേരുന്നവര്‍ക്കു വേണ്ട ആതുര സേവനങ്ങളും തണലാണ് നല്‍കുക. ദിവസേന അഞ്ചംഗ ടീമിനെ ഡ്യൂട്ടിക്കായി നിയോഗിക്കും.

ഇങ്ങനെയൊക്കെ തീരുമാനിച്ച് വളണ്ടിയര്‍മാരെയും നിശ്ചയിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴാണ് എതിര്‍പ് ഉയര്‍ന്നിരിക്കുന്നത്. മുനിസിപ്പലിറ്റിയുടെ അധീനതയിലുള്ള സൈക്ലോണ്‍ ഷെല്‍ട്ടറിന്റെ മുകള്‍ നിലയാണ് ശുഭരാത്രിക്കായി നിശ്ചയിച്ചത്. ഇതിനെയാണ് നാട്ടുകാര്‍ എതിര്‍ക്കുന്നതും.  തെരുവില്‍ കഴിയുന്ന ഇത്തരക്കാരുടെ കേന്ദ്രമായി പരിസരം മാറുമെന്ന ആശങ്കയിലാണ് വലിയവളപ്പുകാര്‍. ശുഭരാത്രി പദ്ധതിതിയെയല്ല ജനവാസ കേന്ദ്രത്തില്‍ സുരക്ഷിത കേന്ദ്രം അനുവദിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ഇവിടത്തുകാര്‍ പറയുന്നു.

Related posts