കണ്ണൂര്‍: എല്‍ഡിഎഫ് അധികാരത്തില്‍വന്നാല്‍ യുഡിഎഫിന്റെ മദ്യനയം അട്ടിമറിക്കപ്പെടുവെന്നാണ് അവരുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് യുഡിഎഫ് പറയുമ്പോള്‍ ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഒന്നും പറയുന്നില്ല. പത്തുവര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടുമെന്ന് യുഡിഎഫ് വ്യക്തമാക്കുമ്പോള്‍ എല്‍ഡിഎഫ് നേതാക്കള്‍ പോലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് ആന്റണി കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനപ്പുറം ചില രഹസ്യ അജണ്ടകള്‍ ബിജെപി നേതൃത്വത്തിനുള്ളതുകൊണ്ടാണ് പ്രധാനമന്ത്രിയടക്കമുള്ള ദേശീയനേതാക്കള്‍ കേരളത്തില്‍വരുന്നത്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നാണ് തന്റെ വിശ്വാസം. ബിജെപിയുടെ ഒരംഗമെങ്കിലും നിയമസഭയിലെത്തിയാല്‍ കേരളത്തിലെ സമാധാനം തകരും. അസംബ്ലിയില്‍ ജനങ്ങളെ ചേരിതിരിക്കുന്ന അജണ്ടയുമായിട്ടായിരിക്കും അവര്‍ വരുന്നത്. തകര്‍ച്ചയിലായ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിന് വിലസ്ഥിരതാ ഫണ്ടില്‍നിന്നു 500 കോടി രൂപ സംസ്ഥാനം ആവിശ്യപ്പെട്ടിട്ടും ചില്ലികാശുപോലും ബിജെപി സര്‍ക്കാര്‍ തന്നില്ല. ഈ തെരഞ്ഞെടുപ്പ് വര്‍ഗീയ കക്ഷികള്‍ക്കെതിരേയുള്ള പോരാട്ടമാണ്.
കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാന മത്സരം. വികസനവും കരുതലും ജനക്ഷേമമവും യുഡിഎഫ് മുന്നോട്ടുവയ്ക്കുമ്പോള്‍ കേരളത്തിലെ ക്രമസമാധാനം തകര്‍ക്കുകയും എപ്പോഴും അക്രമവാസന പ്രകടിപ്പിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കള്‍ക്കെതിരേ ജനങ്ങള്‍ വിധിയെഴുതുമെന്നും എ.കെ. ആന്റണി പറഞ്ഞു.