ചവറ: കെഎംഎംഎല്ലിലെ ദുരന്തനിവാരണ പ്രവര്‍ത്തനത്തിന്റ ഭാഗമായ മോക്ഡ്രില്‍ നടക്കുന്നതിനിടെ പ്രകടനവുമായെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞ എസ്‌ഐയേയും പോലീസുകാരനെയും വളഞ്ഞിട്ട് ചവിട്ടിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഏഴുപേര്‍ക്കെതിരേ യാണ് പോലീസ് കേസെടുത്തത്.
പോലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും പ്രകടനം നിരോധിച്ചിരിക്കെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയതെന്ന് ചവറ സിഐ ഗോപകുമാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മോക്ഡ്രില്ലിന്റെ ഭാഗമായി ചവറ സ്കൂളിലെ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയാണ് വിദ്യാര്‍ഥി പ്രകടനം കടന്നു വന്നത്.
തഹസീല്‍ദാറുടെയും പോലീസുദ്യോഗസ്ഥരുടെയും വാഹനം കടന്നു പോകുന്നതിനിടയില്‍ പ്രകടനം എത്തിയതോടെ ഇവരെ തടഞ്ഞ ചവറ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പോലീസുകാരനായ ബനഡിക്ട് എന്നിവരെയാണ് വിദ്യാര്‍ഥികള്‍ ചവിട്ടിയത്. ഫ്രാന്‍സിസിനെ രണ്ട് പ്രാവശ്യം തള്ളി നിലത്തിട്ടു. പോലീസുകാര്‍ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബനഡിക്ടിന്റെ തോളിലെ ബാഡ്ജ് വലിച്ചു പൊട്ടിച്ചു.
തുടര്‍ന്ന് മുദ്രാവാക്യം മുഴക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച വിദ്യാര്‍ഥികള്‍ കൂടുതല്‍ പോലീസെത്തിയതോടെയാണ് മടങ്ങിയത്. കോളേജിന്റെ മതില്‍ തകര്‍ത്ത് സ്വകാര്യ വ്യക്തി വഴി വെട്ടിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. അതേസമയം മോക് ഡ്രില്‍ നടക്കുന്നത് അറിഞ്ഞില്ലന്നും വിദ്യാര്‍ഥികളെ തള്ളിയ പോലീസുകാരെ തടയുകയാണ് ചെയ്തതെന്നുമാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.