ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയില്‍ ഏഴുവയസുകാരന് വെട്ടേറ്റ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റ്റില്‍. മുഴക്കുന്ന് ഗ്രാമത്തിലെ സിപിഎം പ്രവര്‍ത്തകരായ മനു (26), ഷൈജു (35), സുധീഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇവരെ അറസ്്റ്റ് ചെയ്യാതെ പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബിജെപി നേതാക്കളും ഇന്നലെ പത്രസമ്മേളനം നടത്തിയിരുന്നു.
അക്രമം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ചൂണ്ടികാണിച്ച പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ലെന്നും തികച്ചും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ നടത്തിയ അക്രമത്തെ കുടുംബവഴക്കായി നിസാരവത്ക്കരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് ഒത്താശചെയ്യുകയാണ് പോലീസെന്നുമായിരുന്നു ആരോപണം. പ്രതികളെ സിപിഎം അവരുടെ ഒളിസങ്കേതത്തില്‍ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ മതാപിതാക്കള്‍ ആരോപിച്ചിരുന്നു. പാലയിലെ രമ്യ-രാഹുല്‍ ദമ്പതികളുടെ മകന് കാര്‍ത്തിക്കിനാണ് കഴിഞ്ഞദിവസം വേട്ടേറ്റത്. കാര്‍ത്തികിന്റെ അച്ഛന് ബിജെപി പ്രവര്‍ത്തകനും അമ്മ രമ്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതുമാണ്.
ഈ വൈരാഗ്യം വച്ച് അക്രമം നടത്തുകയായിരുന്നു. പോലീസ് അറസറ്റ് ചെയ്ത ഒന്നാംപ്രതി മനു കുട്ടിയുടെ അമ്മ രമ്യയുടെ സഹോദരനാണ്. ബന്ധുക്കളെ ഉപയോഗിച്ച് അക്രമം നടത്തുകയും തുടര്‍ന്ന് കുടുംബവഴക്കാണെന്ന് പറഞ്ഞ് പ്രശ്നത്തെ നിസാരവത്ക്കരിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നുമായിരുന്നുബിജെപി ആരോപണം. സിപി എം ആരോപിക്കുന്നതുപോലെ കുടുംബവഴക്കാണെങ്കില് ഏഴുവയസുകാരന് വെട്ടേറ്റ സംഭവത്തിന്റെ പേരിലാണെങ്കില്‍ പോലും പ്രതികളെ പിടികൂടാനുള്ള ബാധ്യത പോലീസിനുണ്ടെന്ന് ബിജെപിനേതാക്കള്‍ പറഞ്ഞിരുന്നു. നീതി നടപ്പാക്കികിട്ടാന്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്പ്പെടെയുള്ളസമരപരിപാടികള് നടത്തുമെന്നും ഇന്നലെ ബിജെപി നേതാക്കളായ എം.വി. ഗിരീഷ്, കൂട്ട ജയപ്രകാശ്, കാര്‍ത്തിക്കിന്റെ മാതാപിതാക്കളായ രാഹുല്‍, രമ്യ എന്നിവരും പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.